പുതുവർഷ ദിനത്തിൽ ഫസ്റ്റ് ലുക്ക് പോസ്റ്ററുകളുടെ മേളം

January 2, 2020

പുതുവർഷം ആഘോഷപൂർവം തന്നെയാണ് സിനിമ ലോകവും വരവേറ്റത്. ആശംസകൾക്ക് പുറമെ സിനിമകളുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകളുടെ മേളമായിരുന്നു. ഒട്ടേറെ ചിത്രങ്ങളുടെ ഫസ്റ്റ് ലുക്കുകളാണ് പുറത്ത് വന്നത്.

മോഹൻലാലിൻറെ ‘മരയ്ക്കാർ അറബിക്കടലിന്റെ സിംഹം’, മമ്മൂട്ടിയുടെ ‘വൺ’ തുടങ്ങി തമിഴകത്ത് നിന്നും വിജയ്, സൂര്യ ചിത്രങ്ങളുടെയും ഫസ്റ്റ് ലുക്ക് പുതുവർഷ ദിനത്തിൽ എത്തി.

‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ എന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ടാണ് മോഹന്‍ലാല്‍ പുതുവത്സര ആശംസകള്‍ നേര്‍ന്നത്. ഹൃദയത്തോട് ചേര്‍ത്തുവെച്ച ഒരു ചിത്രം എന്നാണ് ഈ സിനിമയെ താരം വിശേഷിപ്പിച്ചിരിക്കുന്നത്.

കടയ്ക്കൽ ചന്ദ്രൻ എന്ന മുഖ്യമന്ത്രി വേഷത്തിൽ മമ്മൂട്ടി എത്തുന്ന ചിത്രമാണ് ‘വൺ’. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുതുവർഷ ദിനത്തിൽ എത്തി. വെള്ളമുണ്ടും ഷർട്ടും അണിഞ്ഞു ഒരു പൊതുപ്രവർത്തകന്റെ ഗെറ്റപ്പിലാണ് മമ്മൂട്ടി എത്തുന്നത്.

വിജയ് നായകനായെത്തുന്ന പുതിയ ചിത്രമാണ് ‘മാസ്റ്റര്‍’. ലോകേഷ് കനകരാജ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ‘മാസ്റ്റര്‍’ എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും പുറത്തെത്തി. മികച്ച സ്വീകാര്യത നേടുന്നുണ്ട് ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍. വിജയ് ആണ് ചിത്രത്തിന്റെ ഫ്സ്റ്റ്‌ലുക്ക് ആരാധകര്‍ക്കായി പങ്കുവെച്ചതും. വിജയ് സേതുപതി ചിത്രത്തില്‍ വില്ലന്‍ കഥാപാത്രമായെത്തുന്നു എന്നതാണ് ചിത്രത്തിന്‍റെ മറ്റൊരു പ്രത്യേകത.

ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രം ഒരുങ്ങുന്നു. ‘അജയന്റെ രണ്ടാം മോഷണം’ എന്നാണ് ചിത്രത്തിന്റെ പേര്. ടൊവിനോ ട്രിപ്പിള്‍ റോളിലെത്തുന്നു എന്നതാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. സിനിമയുടെ ടൈറ്റില്‍ പോസ്റ്ററും പുറത്തിറങ്ങി. ജിതിന്‍ ലാല്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. ഗോദ, കല്‍ക്കി എന്നീ ചിത്രങ്ങളുടെ സഹസംവിധായകനായിരുന്നു ജിതിന്‍ ലാല്‍.

പുതുവർഷത്തിൽ പുതിയ ചിത്രത്തിനായി ഗംഭീര മെയ്ക്ക് ഓവർ നടത്തിയിരിക്കുകയാണ് ദിലീപ്. നാദിർഷ സംവിധാനം ചെയ്യുന്ന ‘കേശു ഈ വീടിന്റെ നാഥൻ’ എന്ന സിനിമയ്ക്കായാണ് ദിലീപ് വയോധികനായി രൂപമാറ്റം നടത്തിയിരിക്കുന്നത്. കുടവയറും കഷണ്ടിയുമൊക്കെയായി ശരിക്കും അറുപതിന് മേൽ പ്രായം തോന്നും ദിലീപിനെ കണ്ടാൽ. മുൻപ് തന്നെ ഈ ലുക്കിനായി മൊട്ടയടിച്ച രീതിയിൽ ദിലീപ് മാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടിരുന്നു.

ദുല്‍ഖര്‍ സല്‍മാന്‍ നായകനും നിര്‍മാതാവായും എത്തുന്ന ചിത്രം പ്രഖ്യാപിക്കപ്പെട്ടതു മുതല്‍ക്കേ പ്രതീക്ഷയര്‍പ്പിച്ചതാണ് പ്രേക്ഷകര്‍. മലയാളത്തിന് ഒട്ടേറ സൂപ്പര്‍ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യനാണ് ചിത്രത്തിന്റെ സംവിധായകന്‍. ചിത്രത്തിന്റെ വിശേഷങ്ങളെല്ലാം സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയെങ്കിലും ചിത്രത്തിന്റെ പേര് പുറത്തുവന്നിട്ടില്ലായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ പേര് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ‘വരനെ ആവശ്യമുണ്ട്’ എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന പേര്. സിനിമയുടെ ടൈറ്റില്‍ പോസ്റ്ററും പുറത്തിറങ്ങി.

സെക്കന്റ് ഷോയ്ക്ക് ശേഷം ശ്രീനാഥ് രാജേന്ദ്രനും ദുൽഖർ സൽമാനും ഒന്നിക്കുന്ന ചിത്രം കുപ്രസിദ്ധനായ പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിന്റെ ജീവിതകഥയെ അടിസ്ഥാനമാക്കിയാണ് ഒരുക്കുന്നത്. ‘കുറുപ്പ്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുതുവർഷ ദിനത്തിൽ പുറത്ത് വന്നു.

ദുൽഖർ സൽമാന് ട്രിപ്പിൾ സന്തോഷമായിരുന്നു പുതുവർഷ ദിനത്തിൽ. നിർമിക്കുന്ന രണ്ടു ചിത്രങ്ങളുടെ ഫസ്റ്റ് ലുക്ക് ഒരേ ദിവസമാണ് എത്തിയത്. ‘മണിയറയിലെ അശോകൻ’ എന്ന സിനിമയുടെ ഫസ്റ്റ് ലുക്കും എത്തി. ഗ്രിഗറിയും അനുപമ പരമേശ്വരനും ഒന്നിക്കുന്ന സിനിമ ഷംസു സൈബ ആണ് സംവിധാനം ചെയ്യുന്നത്.

ഒട്ടേറെ ചിത്രങ്ങളുടെ പോസ്റ്ററുകൾ പുതുവർഷ ദിനത്തിൽ എത്തിയിരുന്നു.