പ്ലേറ്റ്ലെറ്റ് കൗണ്ട് വര്‍ധിപ്പിക്കാന്‍ സഹായിക്കും ഈ ഭക്ഷണങ്ങള്‍
രക്തത്തിലെ പ്ലേറ്റ്ലെറ്റ് ഘടകത്തിന്റെ കൗണ്ട് കുറയുന്നത് അത്ര നിസ്സാരമല്ല. പല കാരണങ്ങള്‍ക്കൊണ്ട് പ്ലേറ്റ്ലെറ്റ് കൗണ്ട് കുറയാറുണ്ട്. വൈറല്‍ രോഗങ്ങളാലും ജനിതക രോഗങ്ങളും കാന്‍സര്‍ പോലുള്ള ഗുരുതര രോഗങ്ങളാലുമൊക്കെ പ്ലേറ്റ്ലെറ്റ് കൗണ്ട് കുറയാറുണ്ട്. പ്ലേറ്റ്ലെറ്റ് കൗണ്ട് കുറവുള്ളവര്‍ കൃത്യമായ വൈദ്യസഹായം ലഭ്യമാക്കുന്നതോടൊപ്പം ഭക്ഷണകാര്യത്തിലും ശ്രദ്ധ ചെലുത്തണം. രക്തത്തിലെ പ്ലേറ്റ്ലെറ്റ് കൗണ്ട് വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
മാതളനാരങ്ങ അഥവാ അനാര്‍ ധാരാളം ഗുണങ്ങളുള്ള ഫലമാണ്. ആന്റി ഓക്സിഡന്റുകളാല്‍ സമ്പന്നമായ അനാര്‍ രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ കൗണ്ട് വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. വ്യത്യസ്ത രോഗാവസ്ഥമൂലം പ്ലേറ്റ്ലെറ്റ് കൗണ്ട് കൂടുതലുള്ളവര്‍ മാതളജ്യൂസ് കുടിക്കുന്നതും നല്ലതാണ്.
മാതളനാരങ്ങയെപ്പോലെ തന്നെ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുള്ള പഴങ്ങളും പ്ലേറ്റ്ലെറ്റ് കൗണ്ട് വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. ഓറഞ്ച്, നാരങ്ങ, കിവി തുടങ്ങിയ പഴ വര്‍ഗങ്ങളില്‍ ധാരാളമായി വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇവയ്ക്ക് പുറമെ പച്ചച്ചീര, ബ്രോക്കോളി തുടങ്ങിയവയും ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് പ്ലേറ്റ്ലെറ്റ് കൗണ്ട് വര്‍ധിപ്പിക്കാന്‍ സഹായിക്കും.
കാണാന്‍ ഇത്തിരിക്കുഞ്ഞനാണെങ്കിലും നെല്ലിക്കയും ആരോഗ്യകാര്യത്തില്‍ ഏറെ മുന്നിലാണ്. നെല്ലിക്കയും പ്ലേറ്റ്ലെറ്റ് കൗണ്ട് വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. നെല്ലിക്ക ജ്യൂസാക്കി കുടിക്കുന്നതും ആരോഗ്യകരമാണ്. ദിവസവും ഒരു നെല്ലിക്ക വീതം കഴിക്കുന്നതും നല്ലതാണ്. അതുപോലെതന്നെ രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ കൗണ്ട് വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നവയാണ് കാരറ്റും ബീറ്റ്റൂട്ടും. കാരറ്റും ബീറ്റ്റൂട്ടും സൂപ്പില്‍ ചേര്‍ത്ത് കുടിയ്ക്കുന്നത് ഏറെ നല്ലതാണ്. രക്തത്തിലെ പ്ലേറ്റ്ലെറ്റ് കൗണ്ട് വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന മറ്റൊന്നാണ് പപ്പായ. പപ്പായയുടെ ഇല ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതും പ്ലേറ്റ്ലെറ്റിന്റെ കൗണ്ട് വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു.