മുടികൊഴിച്ചില്‍ കുറയ്ക്കാന്‍ ശ്രദ്ധിക്കാം ചില കാര്യങ്ങള്‍
പെണ്ണിന് അഴക് ഏകുന്നത് തലമുടിയാണെന്ന് പഴമക്കാര്‍ പറയാറുണ്ട്. എന്നാല്‍ സ്ത്രീകള്‍ മാത്രമല്ല പുരുഷന്മാരും ഇന്ന് തലമുടി നീട്ടി വളര്‍ത്താനും പിന്നിക്കെട്ടാനുമൊക്കെ തുടങ്ങിയിരിക്കുന്നു. എന്നാല്‍ തലമുടിയെ സ്‌നേഹിക്കുന്ന പലരെയും ഇക്കാലത്ത് അലട്ടുന്ന ഒരു പ്രശ്‌നമാണ് മുടികൊഴിച്ചില്‍. പലതരം കാരണങ്ങളുണ്ട് മുടികൊഴിച്ചിലിന്. എത്രയൊക്കെ ശ്രമിച്ചിട്ടും മുടികൊഴിച്ചില്‍ തടയാനാകുന്നില്ലെന്ന് പലരും പറയാറുണ്ട്. എന്നാല്‍ മുടികൊഴിച്ചിലിനെ ഒരു പരിധി വരെ നിയന്ത്രിക്കാന്‍ ചില മാര്‍ഗങ്ങള്‍ വീട്ടില്‍ തന്നെയുണ്ട്. അത്തരം ചില മാര്‍ഗങ്ങളെ പരിചയപ്പെടാം.
കറ്റാര്‍വാഴ– മുടിയുടെ സംരക്ഷണത്തിന് ഉത്തമമായ ഒന്നാണ് കറ്റാര്‍വാഴ ജെല്‍. നിരവധി ഗുണങ്ങളുണ്ട് കറ്റാര്‍വാഴയുടെ ജെല്ലിന്. കറ്റാര്‍ വാഴയുടെ ജെല്‍ തലയോട്ടിയില്‍ നന്നായി തേച്ചുപിടിപ്പിക്കുന്നത് മുടി കൊഴിച്ചില്‍ തടയാനും മുടിയുടെ വളര്‍ച്ചയെ മെച്ചപ്പെടുത്താനും സഹായിക്കുന്നു. കറ്റാര്‍വാഴ ഇട്ട് കാച്ചിയെടുത്ത എണ്ണ തലമുടിയില്‍ തേക്കുന്നതും മുടികൊഴിച്ചില്‍ കുറയാന്‍ സഹായിക്കുന്നു.
തേങ്ങാപ്പാല്‍– തലമുടിയുടെ വളര്‍ച്ചയെ മെച്ചാപ്പെടുത്താന്‍ സഹായിക്കുന്ന മറ്റൊന്നാണ് തേങ്ങാപ്പാല്‍. തലയിലെ താരന്‍ അകറ്റാനും തേങ്ങാപ്പാല്‍ നല്ലതാണ്. ഫാറ്റി ആസിഡുകളും വിറ്റാമിന്‍ ഇ, ബി, സി എന്നിവയും തേങ്ങാപ്പാലില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഈ ഘടകങ്ങള്‍ മുടിയുടെ വളര്‍ച്ചയെ സഹായിക്കുകയും മുടികൊഴിച്ചില്‍ കുറയ്ക്കുകയും ചെയ്യുന്നു. അരകപ്പ് തേങ്ങാപ്പാല്‍ ചെറുതായി ചൂടാക്കിയ ശേഷം തലയില്‍ തേച്ച് പിടിപ്പിക്കുക. 20 മിനിറ്റിന് ശേഷം ഷാംപു ഉപയോഗിച്ച് തല കഴുകുക. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഇങ്ങനെ ചെയ്യുന്നതുവഴി മുടി കൊഴിച്ചില്‍ ഒരു പരിധി വരെ കുറയ്ക്കാന്‍ സാധിക്കും.
മുട്ടയുടെ വെള്ള -പ്രോട്ടീന്‍ ധാരാളമായി അടങ്ങിയിട്ടുള്ള മുട്ടയുടെ വെള്ളയും തലമുടിയുടെ സംരക്ഷണത്തിന് നല്ലതാണ്. വെളിച്ചെണ്ണയും മുട്ടയുടെ വെള്ളയും ചേര്‍ത്ത് ആഴ്ചയില്‍ രണ്ട് തവണ തലയില്‍ തേക്കുന്നത് മുടി കൊഴിച്ചില്‍ കുറയ്ക്കാന്‍ സഹായിക്കുന്നു.