അര്‍ധ സെഞ്ചുറി മികവില്‍ കെ എല്‍ രാഹുലും ശ്രേയസ് അയ്യരും ന്യൂസിലന്‍ഡിനെ തളച്ച് ഇന്ത്യ

January 24, 2020

ന്യൂസിലന്‍ഡിനെതിരെയുള്ള ടി-20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ നേട്ടം കൊയ്ത് ഇന്ത്യ. ഒരു ഓവര്‍ ബാക്കി നില്‍ക്കെയാണ് ഇന്ത്യ വിജയലക്ഷ്യം മറികടന്നത്. ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 204 റണ്‍സ് എന്ന വിജയലക്ഷ്യം 19 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. കെ എല്‍ രാഹുലിന്റെയും ശ്രേയസ് അയ്യറിന്റെയും അര്‍ധ സെഞ്ചുറി മികവാണ് ഇന്ത്യയ്ക്ക് കരുത്തായത്.

27 പന്തുകളില്‍ നിന്നായി 56 റണ്‍സ് നേടി കെ എല്‍ രാഹുല്‍. 29 പന്തുകളില്‍ നിന്നായി 58 റണ്‍സ് നേടിയ ശ്രേയസ് അയ്യര്‍ പുറത്താകാതെ നിന്നു. 32 പന്തുകളില്‍ നിന്നായി 45 റണ്‍സ് നേടിയ നായകന്‍ വിരാട് കോലിയും ഇന്ത്യയുടെ വിജയത്തിളക്കത്തിന് മാറ്റുകൂട്ടി.

ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. കൂറ്റന്‍ സ്‌കോര്‍ ലക്ഷ്യമാക്കി ബാറ്റു വീശിത്തുടങ്ങിയ ന്യൂസിലന്‍ഡിനെ അവസാന ഓവറുകളില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ തളച്ചു. അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ന്യൂസിലന്‍ഡ് 203 റണ്‍സ് നേടിയത്. മാര്‍ട്ടിന്‍ ഗപ്റ്റിലും കോളിന്‍ മണ്‍റോയും മികച്ച തുടക്കം സമ്മാനിച്ചത് ന്യൂസിലന്‍ഡിന്റെ സ്‌കോര്‍നില ഉയര്‍ത്താന്‍ തുണച്ചു. ഇരുവരും ചേര്‍ന്ന് 80 റണ്‍സ് നേടിയിരുന്നു.

ന്യൂസിലന്‍ഡിനെതിരെയുള്ള പരമ്പരയ്ക്ക് വേണ്ടിയുള്ള ഇന്ത്യന്‍ ടീമില്‍ മലയാളിതാരം സഞ്ജു സാംസണ്‍ ഇടം നേടിയെങ്കിലും താരം കളത്തില്‍ ഇറങ്ങിയില്ല. അഞ്ച് മത്സരങ്ങളാണ് ടി20 പരമ്പരയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ടി20യ്ക്ക് ശേഷം ന്യൂസിലന്‍ഡിനെതിരെ മൂന്ന് ഏകദിനത്തിലും രണ്ട് ടെസ്റ്റിലും ഇന്ത്യ മാറ്റുരയ്ക്കും.

ടീം ഇന്ത്യ: രോഹിത് ശര്‍മ്മ, കെ എല്‍ രാഹുല്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ശിവം ദുബെ, രവീന്ദ്ര ജഡേജ, ശാര്‍ദുല്‍ ഠാക്കൂര്‍, ജസ്പ്രീത് ബുംറ, യുസ്വേന്ദ്ര ചാഹല്‍, മുഹമ്മദ് ഷമി

ന്യൂസിലന്‍ഡ് ടീം: മാര്‍ട്ടിന്‍ ഗപ്റ്റില്‍, കോളിന്‍ മണ്‍റോ, കെയ്ന്‍ വില്യംസണ്‍, ടിം സീഫര്‍ട്ട്, റോസ് ടെയ്‌ലര്‍, കോളിന്‍ ഡി ഗ്രാന്‍ഹോം, മിച്ചല്‍ സ്ന്റ്‌നര്‍, ടിം സൗത്തി, ഇഷ് സോധി, ബ്ലെയര്‍ ടിക്‌നര്‍, ഹാമിഷ് ബെന്നറ്റ്