വീറോടെ ബാറ്റുവീശി ന്യൂസിലന്‍ഡ്; ഇന്ത്യയുടെ വിജയലക്ഷ്യം 204 റണ്‍സ്

January 24, 2020

ഇന്ത്യ- ന്യൂസിലന്‍ഡ് ടി-20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ആവേശത്തോടെ ബാറ്റ് വീശി ന്യൂസിലന്‍ഡ്. ആദ്യ മത്സരത്തില്‍ 20 ഓവറില്‍ നിന്നും 203 റണ്‍സാണ് ന്യൂസിലന്‍ഡ് അടിച്ചെടുത്തത്. മാര്‍ട്ടിന്‍ ഗപ്റ്റിലും കോളിന്‍ മണ്‍റോയും മികച്ച തുടക്കം സമ്മാനിച്ചത് ന്യൂസിലന്‍ഡിന്റെ സ്‌കോര്‍നില ഉയര്‍ത്താന്‍ തുണച്ചു. ഇരുവരും ചേര്‍ന്ന് 80 റണ്‍സ് നേടി.

കൂറ്റന്‍ സ്‌കോര്‍ ലക്ഷ്യമാക്കി ബാറ്റു വീശിത്തുടങ്ങിയ ന്യൂസിലന്‍ഡിനെ അവസാന ഓവറുകളില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ തളച്ചു. അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ന്യൂസിലന്‍ഡ് 203 റണ്‍സ് നേടിയത്. ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.

ന്യൂസിലന്‍ഡിനെതിരെ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിലെ ഒരു വിക്കറ്റ് നഷ്ടമായി. രോഹിത് ശര്‍മ്മയേയാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. ആറ് പന്തില്‍ നിന്നുമായി 7 റണ്‍സ് മാത്രം നേടിയാണ് രോഹിത് കളം വിട്ടത്. നിലവില്‍ കെ എല്‍ രാഹുലും നായകന്‍ വിരാട് കോലിയുമാണ് ക്രീസില്‍. രണ്ട് ഓവറുകള്‍ പിന്നിട്ട ഇന്ത്യയുടെ സ്‌കോര്‍ നില 25 റണ്‍സ് ആണ്.

ടീം ഇന്ത്യ: രോഹിത് ശര്‍മ്മ, കെ എല്‍ രാഹുല്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ശിവം ദുബെ, രവീന്ദ്ര ജഡേജ, ശാര്‍ദുല്‍ ഠാക്കൂര്‍, ജസ്പ്രീത് ബുംറ, യുസ്വേന്ദ്ര ചാഹല്‍, മുഹമ്മദ് ഷമി

ന്യൂസിലന്‍ഡ് ടീം: മാര്‍ട്ടിന്‍ ഗപ്റ്റില്‍, കോളിന്‍ മണ്‍റോ, കെയ്ന്‍ വില്യംസണ്‍, ടിം സീഫര്‍ട്ട്, റോസ് ടെയ്‌ലര്‍, കോളിന്‍ ഡി ഗ്രാന്‍ഹോം, മിച്ചല്‍ സ്ന്റ്‌നര്‍, ടിം സൗത്തി, ഇഷ് സോധി, ബ്ലെയര്‍ ടിക്‌നര്‍, ഹാമിഷ് ബെന്നറ്റ്‌