മൂന്നാം ടി-20: ടോസ് നേടി ന്യൂസിലന്‍ഡ്; ബാറ്റ് വീശിത്തുടങ്ങി ഇന്ത്യ
ഇന്ത്യ- ന്യൂസിലന്‍ഡ് ടി-20 പരമ്പരയിലെ മൂന്നാം അങ്കത്തിന് തുടക്കമായി. ടോസ് നേടിയ ന്യൂസിലന്‍ഡ് ബൗളിങ് തിരഞ്ഞെടുത്തു. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും മികച്ച വിജയം നേടിയതുകൊണ്ടുതന്നെ വിജയപ്രതീക്ഷയിലാണ് ടീം ഇന്ത്യ. ഇന്നത്തെ മത്സരത്തിലും വിജയം ആവര്‍ത്തിക്കാനായാല്‍ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാം. ഹാമില്‍ട്ടണിലെ സെഡോണ്‍ പാര്‍ക്കിലാണ് മത്സരം. രോഹിത് ശര്‍മ്മയും കെ എല്‍ രാഹുലുമാണ് ഇന്ത്യയുടെ ഓപ്പണര്‍മാര്‍.
ടി-20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യ വിജയം നേടിയിരുന്നു. ആദ്യ അങ്കത്തില്‍ ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 204 റണ്‍സ് എന്ന വിജയലക്ഷ്യം 19 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. രണ്ടാം അങ്കത്തിലും ഇന്ത്യ മികച്ച വിജയമാണ് സ്വന്തമാക്കിയത്. രണ്ടാം മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ഇന്ത്യ ന്യൂസിലന്‍ഡിനെ പരാജയപ്പെടുത്തിയത്. ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 133 റണ്‍സ് വിജയലക്ഷ്യം 15 പന്തുകള്‍ ബാക്കി നില്‍ക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. ഈ വിജയങ്ങളുടെ ആത്മവിശ്വാസത്തിലാണ് ഇന്ത്യന്‍ താരങ്ങള്‍ ഇന്ന് കളത്തിലിറങ്ങിയിരിക്കുന്നത്.
ഇന്ത്യന്‍ ടീം- രോഹിത് ശര്‍മ്മ, കെ എല്‍ രാഹുല്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, ശിവം ദുബെ, മനീഷ് പാണ്ഡെ, രവീന്ദ്ര ജഡേജ, ശാര്‍ദുല്‍ ഠാക്കൂര്‍, യുസ്വേന്ദ്ര ചാഹല്‍, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ.