സൂപ്പര്‍ ഓവറിലും ‘അടി’ തെറ്റാതെ ഇന്ത്യ: ഈ പരമ്പര ഞങ്ങളങ്ങ് എടുക്കുവാ

January 29, 2020

ആവേശപ്പോരാട്ടത്തിനൊടുവില്‍ ന്യൂസിലന്‍ഡിനെതിരെ ടി-20 പരമ്പര സ്വന്തമാക്കി ഇന്ത്യ. മൂന്നാം മത്സരത്തിലെ സൂപ്പര്‍ ഓവറിന് ഒടുവിലാണ് ഇന്ത്യ വിജയകിരീടം ചൂടിയത്. അ‍ഞ്ച് മത്സരങ്ങള്‍ അടങ്ങിയ പരമ്പരയില്‍ മൂന്ന് മത്സരങ്ങളിലും വിജയം നേടി ഇന്ത്യ ചരിത്രം കുറിച്ചു. ന്യൂസിലന്‍ഡിനെതിരെ ആദ്യമായാണ് ഇന്ത്യ ടി-20 പരമ്പര സ്വന്തമാക്കുന്നത്.

ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സ് അടിച്ചെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്‍ഡ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സ് നേടി. സമനില ആയതിനെ തുടര്‍ന്ന് സൂപ്പര്‍ ഓവറിലേക്ക് നീങ്ങുകയായിരുന്നു.

സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 17 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ അടി തെറ്റിയില്ല. അവസാന രണ്ട് പന്തില്‍ പത്ത് റണ്‍സ് വിജയിക്കാന്‍ വേണ്ടിയിരുന്ന ഇന്ത്യയെ രക്ഷിച്ചത് രോഹിത് ശര്‍മ്മയാണ്. സൂപ്പര്‍ ഓവറിലെ അഞ്ചും ആറും പന്തില്‍ രോഹിത് ശര്‍മ്മ സിക്‌സ് അടിച്ചു.

അവസാന ഓവറില്‍ 9 റണ്‍സ് ആയിരുന്നു ന്യൂസിലന്‍ഡിന് വിജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ മുഹമ്മദ് ഷമിയുടെ തകര്‍പ്പന്‍ ബൗളിങ് ന്യൂസിലന്‍ഡിന്റെ റണ്ണൊഴുക്കിന് തടയിട്ടു. അവസാന ഓവറില്‍ എട്ട് റണ്‍സ് എടുത്ത ന്യൂസിലന്‍ഡ് സമനിലയിലെത്തി. മത്സരത്തില്‍ മുഹമ്മദ് ഷമിയും ഷാര്‍ദുല്‍ ഠാക്കൂറും ഇന്ത്യയ്ക്കായി രണ്ട് വിക്കറ്റുകള്‍ നേടി. യുസ്വേന്ദ്ര ചാഹലും രവീന്ദ്ര ജഡേജയും ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.

ബാറ്റിങ്ങിന്റെ തുടക്കത്തില്‍ തന്നെ മികവ് പുലര്‍ത്താന്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് സാധിച്ചു. 54 പന്തില്‍ നിന്നാണ് രോഹിത്- രാഹുല്‍ സഖ്യം 89 റണ്‍സ് നേടിയത്. 65 റണ്‍സ് രോഹിത് ശര്‍മ്മ നേടിയപ്പോള്‍ 27 റണ്‍സുമായി കെ എല്‍ രാഹുല്‍ മികച്ച പിന്തുണ നല്‍കി. ഇന്ത്യന്‍ നായകന്‍ 27 പന്തുകളില്‍ നിന്നുമായി 38 റണ്‍സ് അടിച്ചെടുത്തു.