ആഞ്ഞടിച്ച് കെ എല്‍ രാഹുലും ശ്രേയസ് അയ്യരും, രണ്ടാം അങ്കത്തിലും വിജയത്തിളക്കത്തില്‍ ഇന്ത്യ
ഇന്ത്യ- ന്യൂസിലന്‍ഡ് ടി-20 പരമ്പരയിലെ രണ്ടാം മത്സരത്തിലും നേട്ടം കൊയ്ത് ഇന്ത്യ. ഏഴ് വിക്കറ്റിനാണ് ഇന്ത്യ ന്യൂസിലന്‍ഡിനെ പരാജയപ്പെടുത്തിയത്. ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 133 റണ്‍സ് വിജയലക്ഷ്യം 15 പന്തുകള്‍ ബാക്കി നില്‍ക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു.
50 പന്തുകളില്‍ നിന്നായി 57 റണ്‍സ് നേടി പുറത്താകാതെ നിന്ന കെ എല്‍ രാഹുലാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 33 പന്തുകളില്‍ നിന്നായി 44 റണ്‍സ് നേടിയ ശ്രേയസ് അയ്യരും ഇന്ത്യയ്ക്ക് മികച്ച പിന്തുണ നല്‍കി.
ടോസ് നേടിയ ന്യൂസിലന്‍ഡ് ബാറ്റിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു. മികച്ച സ്‌കോര്‍ ലക്ഷ്യമാക്കി ബാറ്റ് വീശിത്തുടങ്ങിയെങ്കിലും ഇന്ത്യന്‍ ബൗളര്‍മാര്‍ ന്യൂസിലന്‍സിന്റെ റണ്ണൊഴുക്കിന് തടയിട്ടു. അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ന്യൂസിലന്‍ഡ് 132 റണ്‍സ് അടിച്ചെടുത്തത്.
അഞ്ച് മത്സരങ്ങള്‍ അടങ്ങിയ പരമ്പരയില്‍ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും വിജയം നേടിയിരിക്കുകയാണ് ഇന്ത്യ.
ആദ്യ അങ്കത്തില്‍ ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 204 റണ്‍സ് എന്ന വിജയലക്ഷ്യം 19 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നിരുന്നു.
ന്യൂസിലന്‍ഡിനെതിരെയുള്ള പരമ്പരയ്ക്ക് വേണ്ടിയുള്ള ഇന്ത്യന്‍ ടീമില്‍ മലയാളിതാരം സഞ്ജു സാംസണ്‍ ഇടം നേടിയെങ്കിലും താരം കഴിഞ്ഞ രണ്ട് മത്സരങ്ങളിലും കളത്തില്‍ ഇറങ്ങുന്നില്ല. ടി-20യ്ക്ക് ശേഷം ന്യൂസിലന്‍ഡിനെതിരെ മൂന്ന് ഏകദിനത്തിലും രണ്ട് ടെസ്റ്റിലും ഇന്ത്യ മാറ്റുരയ്ക്കും.