ഗാലറിയിലിരുന്ന് ഇന്ത്യന്‍ താരങ്ങള്‍ക്ക് ജയ് വിളിക്കാന്‍ ‘ഫാന്‍ മുത്തശ്ശി’ ഇനിയില്ല; ചാരുലത പട്ടേല്‍ ഇനി ഓര്മ…
പ്രായത്തെപ്പോലും മറന്ന് ഇന്ത്യന്‍ ക്രിക്കറ്റിനെ സ്നേഹിച്ച, ആരാധിച്ച ചാരുലത പട്ടേല്‍ അന്തരിച്ചു. 87 വയസ്സായിരുന്നു പ്രായം. ജനുവരി 13 ന് അന്തരിച്ച ചാരുലതയുടെ വാര്‍ത്ത ഇന്നലെയാണ് ബന്ധുക്കള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. 2019-ല്‍ ഇംഗ്ലണ്ടിലെ എജ്ബാസ്റ്റനില്‍ വെച്ചു നടന്ന ഇന്ത്യ- ബംഗ്ളാദേശ് പോരാട്ടത്തില്‍ ഗാലറിയില്‍ ഇരുന്ന് ആവശേത്തോടെ ഇന്ത്യയ്ക്ക് ജയ് വിളിച്ച ചാരുലത പട്ടേല്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു. ഫാന്‍ മുത്തശ്ശിയുടെ ക്രിക്കറ്റ് ആവേശം വാര്‍ത്തകളിലും ഇടം നേടി. മത്സര ശേഷം ഇന്ത്യന്‍ താരങ്ങളോട് സ്നേഹ സംഭാഷണങ്ങള്‍ നടത്തിയ മുത്തശ്ശിയെ ക്രിക്കറ്റ് ലോകം അന്ന് വിശേഷിപ്പിച്ചത് ‘ഫാന്‍ ഓഫ് ദ് മാച്ച്’ എന്നായിരുന്നു.
ഇന്ത്യക്കാരാണ് ചാരുലത പട്ടേലിന്റെ മാതാപിതാക്കള്‍. എന്നാല്‍ ഈ മുത്തശി ജനിച്ചതു ടാന്‍സാനിയയിലാണ്. മക്കള്‍ക്ക് ക്രിക്കറ്റിനോടുള്ള ഭ്രമം തന്നെയാണ് ഈ മുത്തശ്ശിയെയും ക്രിക്കറ്റ് പ്രേമിയാക്കിയത്. മുഖത്ത് ചായം തേച്ചും വുവുസേല മാതൃകയിലുള്ള വാദ്യാപകരണം ഉപയോഗിച്ചുമൊക്കെയാണ് ഈ ക്രിക്കറ്റ് മുത്തശ്ശി ഗാലറിയില്‍ ഇരുന്ന് ഇന്ത്യന്‍ ടീമിനുവേണ്ടി ജയ് വിളിച്ചിരുന്നത്.
ഇന്ത്യന്‍ ടീം എപ്പോഴൊക്കെ ഇംഗ്ലണ്ടില്‍ എത്തിയിട്ടുണ്ടോ അപ്പോഴെല്ലാം ചാരുലത മുത്തശ്ശി പ്രാര്‍ത്ഥനകളും ആശംസകളുമൊക്കെയായി ഗാലറിയില്‍ ഇരിപ്പുറപ്പിക്കാറുണ്ടായിരുന്നു. 1983 -ല്‍ കപില്‍ ദേവും സംഘവും കിരീടം ചൂടുമ്പോഴും ഗാലറിയിലിരുന്നു കളി കാണാനുണ്ടായിരുന്നു ഈ ഫാന്‍ മുത്തശ്ശി. ഇനി ഇന്ത്യന്‍ ടീം ഇംഗ്ലണ്ടില്‍ കളത്തിലിറങ്ങുമ്പോള്‍ ഗാലറിയില്‍ ഇരുന്ന് ജയ് വിളിക്കാന്‍ ചാരുലത പാട്ടേല്‍ ഉണ്ടാവില്ല. എങ്കിലും ഇനി വരുന്ന ഇന്ത്യയുടെ ഓരോ മത്സരങ്ങളിലും മറ്റൊരു ലോകത്തിരുന്ന് ഇന്ത്യന്‍ ടീമിന്റെ വിജയത്തിനുവേണ്ടി പ്രാര്‍ത്ഥനയോടെ ജയ് വിളിക്കുന്നുണ്ടാവും ഈ ഫാന്‍ മുത്തശ്ശി…