‘ആദ്യമായി സംഭവിക്കുന്ന ഒരുപാട് കാര്യങ്ങൾ ഈ ചിത്രത്തിലുണ്ട്’- കല്യാണിക്കൊപ്പമുള്ള പരസ്യചിത്രം പങ്കുവെച്ച് ലിസ്സി
ഒരു മെഴുകുതിരി പോലെയാണ് മലയാള സിനിമയിലേക്ക് ലിസ്സി എത്തിയത്. അതെ ഭംഗിയോടെ മകൾ കല്യാണി പ്രിയദർശനും സിനിമയിൽ ചുവടുറപ്പിച്ചിരിക്കുകയാണ്. ആരാധകർ കാത്തിരുന്ന നായികയായിരുന്നു കല്യാണി. അച്ഛൻ പ്രശസ്ത സംവിധായകനും അമ്മ നടിയുമായ സിനിമ കുടുംബത്തിൽ നിന്നും പതിവ് തെറ്റിക്കാതെ കല്യാണിയും വെള്ളിത്തിരയിലെത്തി.
ഇപ്പോൾ മകൾക്കൊപ്പമുള്ള ഒരു പരസ്യ ചിത്രം പങ്കുവെച്ചിരിക്കുകയാണ് ലിസ്സി. ഒരു വസ്ത്രവ്യാപാര കടയുടെ പരസ്യത്തിൽ അമ്മയും മകളും പട്ടുസാരിയണിഞ്ഞിരിക്കുന്ന ചിത്രമാണ് ലിസ്സി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. ഒട്ടേറെ പ്രത്യേകതകൾ ഈ ചിത്രത്തിനുണ്ട് എന്നാണ് ലിസ്സി പറയുന്നത്.
‘പ്രിയ സുഹൃത്തുക്കൾക്ക് പൊങ്കൽ ആശംസകൾ..ആദ്യമായി സംഭവിക്കുന്ന ചില കാര്യങ്ങൾ ഈ ചിത്രത്തിലുണ്ട്. എന്റെ മകൾ കല്യാണിയുടെ ആദ്യത്തെ പരസ്യമാണിത്..അതുപോലെ 20 വർഷങ്ങൾക്ക് ശേഷം ഞാൻ ആദ്യമായി മുഖം കാണിക്കുന്ന പരസ്യവും..അവസാനമായി ഞാൻ ഹോർലിക്സിന്റെ പരസ്യത്തിലാണ് അഭിനയിച്ചത്. ഞാനും കല്യാണിയും ആദ്യമായി ഒന്നിക്കുന്ന പരസ്യം കൂടിയാണിത്. ഞങ്ങൾ ഒന്നിച്ചുള്ള ആദ്യ ഫോട്ടോഷൂട്ടും. മാത്രമല്ല, കമൽ സാറിനൊപ്പം അഭിനയിച്ച എന്റെ ആദ്യ തമിഴ് ചിത്രം ‘വൈര’ത്തിൽ ബാലതാരമായെത്തിയ മുത്തു ആണ് ഈ ഫോട്ടോഷൂട്ടിന് പിന്നിൽ’. ലിസ്സി കുറിക്കുന്നു.
കാർത്തിക്ക് സുബ്ബരാജ് ആണ് ഈ പരസ്യ ചിത്രം പോത്തീസിനായി സംവിധാനം ചെയ്തിരിക്കുന്നത്. ലിസ്സി ഇപ്പോൾ തെലുങ്ക് ചിത്രങ്ങളിൽ സജീവമാണ്. കല്യാണി തെലുങ്ക് സിനിമ ലോകത്ത് തുടക്കമിട്ട് ഇപ്പോൾ മലയാള സിനിമയിൽ ഒട്ടേറെ ചിത്രങ്ങളുമായി സജീവമാകുകയാണ്. ‘മരയ്ക്കാർ, അറബികടലിന്റെ സിംഹം’, ‘വരനെ ആവശ്യമുണ്ട്’, ‘ഹൃദയം’ തുടങ്ങിയ ചിത്രങ്ങളിലാണ് ഇപ്പോൾ കല്യാണി അഭിനയിക്കുന്നത്.