ജനുവരി 30, മഹാത്മാഗാന്ധിയുടെ സ്മരണയില്‍ രക്തസാക്ഷിത്വ ദിനം
1948 ജനുവരി 30 ഇന്ത്യയുടെ ഹൃദയം തകര്‍ന്ന ദിനം. രാഷ്ട്രപിതാവ് മഹാത്മാഗന്ധിയുടെ ഓര്‍മ്മയില്‍ രാജ്യം ഇന്ന് 72-ാം രക്തസാക്ഷിത്വ ദിനം ആചരിക്കുന്നു. സ്വജീവിതം തന്നെ രാജ്യത്തിന് സന്ദേശമായി നല്കിയ മഹാത്മാവ്. ‘ആ വെളിച്ചം അണഞ്ഞു, രാജ്യം മുഴുവന്‍ അന്ധകാരമാണ്’ ഗാന്ധിജിയുടെ മരണ ശേഷം ജവഹര്‍ലാല്‍ നെഹ്റു പറഞ്ഞ വാക്കുകളാണ് ഇത്.
വെളിച്ചമായിരുന്നു ഗാന്ധിജി. ഇന്ത്യ സ്വാതന്ത്ര്യത്തിലേക്ക് നടന്ന് കയറിയതും മഹാത്മാഗാന്ധി എന്ന നിറ വെളിച്ചത്തിന്റെ പിന്‍ബലത്തോടെയാണ്. ആ വെളിച്ചം അണയുകയായിരുന്നു 1948 ജനുവരി 30 ന്. ഡല്‍ഹിയിലെ ബിര്‍ളാ ഹൗസിനു മുന്നിലെ മൈതാനത്തില്‍ പ്രാര്‍ത്ഥനയ്ക്കായി എത്തിയതായിരുന്നു ഗാന്ധിജി. മൈതാനത്ത് ജനങ്ങള്‍ക്കിടയില്‍ നിന്നിരുന്ന നാഥുറാം വിനായക് ഗോഡ്സേ പോക്കറ്റില്‍ കരുതിയിരുന്ന പിസ്റ്റള്‍ കൈകള്‍ക്കുള്ളിലാക്കി കൂപ്പുകരങ്ങളോടെ ഗാന്ധിജിയെ വന്ദിച്ചു പറഞ്ഞു: ‘നമസ്തേ ഗാന്ധിജി’.
ഗാന്ധിജിയുടെ പാദം ചുംബിക്കുവാന്‍ അയാള്‍ തുടങ്ങുകയാണെന്ന് കരുതി മഹാത്മജിയുടെ അനുയായി ഗോഡ്സേയെ വിലക്കി. എന്നാല്‍ ഇടത് കൈകൊണ്ട് അനുയായിയെ അതിശക്തമായി തള്ളിമാറ്റി വലതുകയ്യിലിരുന്ന പിസ്റ്റള്‍ കൊണ്ട് ഗോഡ്സേ മൂന്ന് തവണ വെടിയുതിര്‍ത്തു. ഗാന്ധിജിയുടെ നെഞ്ചില്‍ തന്നെ മൂന്ന് വെടികളും തുളച്ചുകയറി. രാജ്യത്തിന്റെ ഹൃദയം നുറുങ്ങിയ നിമിഷം. ‘ഹേ റാം, ഹേ റാം’ എന്ന് ഉച്ചരിച്ച് കൈകൂപ്പിക്കൊണ്ട് അദ്ദേഹം നിലത്ത് വീണു. രാജ്യം മുഴുവന്‍ അദ്ദേഹത്തിന്റെ മരണത്തില്‍ മിഴിനിറച്ചു.
ഇന്ത്യന്‍ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന്റെ നേതാവും വഴികാട്ടിയുമായിരുന്നു ഗാന്ധിജി. അഹിംസയിലൂന്നിയ സത്യാഗ്രഹം എന്ന സമരസിദ്ധാന്തത്തിലൂടെ ലോകത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ട നേതാവ്. കഠിനമായ പ്രതിസന്ധിഘട്ടങ്ങളില്‍ പോലും അദ്ദേഹം സത്യത്തെയും അഹിംസയെയും ജീവിതത്തില്‍ ചേര്‍ത്തുനിര്‍ത്തി. മഹാത്മാഗാന്ധിയുടെ മരിക്കാത്ത ഓര്‍മ്മയില്‍ രാജ്യം ഇന്ന രക്തസാക്ഷിത്വ ദിനമായി ആചരിക്കുന്നു.