മറവിയെ പേടിക്കേണ്ട, ഓര്‍മ്മശക്തി മെച്ചപ്പെടുത്താന്‍ ശീലമാക്കാം ചില കാര്യങ്ങള്‍
‘അയ്യോ അത് ഞാന്‍ മറന്നുപോയി’ എന്ന് നിത്യേന ഒരു തവണയെങ്കിലും പറയുന്നവരാണ് നമ്മളില്‍ ഭൂരിഭാഗവും. പലരെയും അലട്ടാറുള്ള ഒരു പ്രശ്നമാണ് മറവി. എന്നാല്‍ ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ മറവിയെ ഒരു പരിധി വരെ ചെറുക്കാം. ഓര്‍മ്മശക്തി മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ചില വ്യായാമങ്ങളെ പരിചയപ്പെടാം.
വായന: വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും. വായിച്ചു വളര്‍ന്നാല്‍ വിളയും വായിക്കാതെ വളര്‍ന്നാല്‍ വളയും എന്നാണല്ലോ കുഞ്ഞുണ്ണി മാഷ് പറഞ്ഞിരിക്കുന്നത്. വായനയെ അത്ര നിസാരക്കാരനായി കാണേണ്ട. ഓര്‍മ്മ ശക്തി വര്‍ധിപ്പിക്കാനും വായനാശീലം നല്ലതാണ്. പത്രവായന ശീലമാക്കാന്‍ ശ്രമിക്കുക. പത്രങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ക്കു മുമ്പു വന്നിട്ടുള്ള വാര്‍ത്തകളുമായുള്ള ബന്ധത്തെ ഓര്‍ത്തെടുക്കാന്‍ പത്രം വായന സഹായിക്കും. പുസ്തകങ്ങള്‍ വായിക്കുമ്പോള്‍ വായിക്കുന്ന ഭാഗങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളെ ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുക. നല്ല വായനാശീലമുള്ളവര്‍ക്ക് നല്ല ഓര്‍മ്മശക്തിയും ഉണ്ടാകും.
ചെസ്സ്: ബുദ്ധിമാന്മാരുടെ കളി എന്നാണല്ലോ ചെസ്സ് കളിയെ വിശേഷിപ്പിക്കുന്നത് പോലും. ധാരാളം ബുദ്ധിയും ഓര്‍മ്മയും ഉപയോഗപ്പെടുത്തേണ്ട കളി തന്നെയാണ് ചെസ്സ് കളി. ചെസ്സ് കളി മസ്തിഷ്കത്തെ ഉത്തേജിപ്പിക്കുന്നതിനും സഹായിക്കും. ചെസ്സ് കളി ശീലമാക്കുന്നവര്‍ക്കും ഒരു പരിധി വരെ മറവിയെ ചെറുക്കാന്‍ കഴിയും.
ഉറക്കം: കൃത്യമായ ഉറക്കം ലഭിക്കാത്തവര്ക്കിടയിലും മറവി ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. മനസിലാക്കിയ കാര്യങ്ങള്‍ ദൃഢമാകുന്നതിന് നല്ല ഉറക്കവും അത്യാവശ്യമാണ്. തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുഗമമാക്കുന്നതിനും ഉറക്കം സഹായിക്കും. ദിവസവും കൃത്യമായ സമയക്രമം പാലിച്ച് നന്നായി ഉറങ്ങുന്നവര്‍ക്ക് കാര്യങ്ങള്‍ കൃത്യതയോടെ ഓര്‍ത്തെടുക്കാന്‍ സാധിക്കും.
ഡയറിക്കുറിപ്പുകള്‍: ഓരോ ദിവസത്തെയും കാര്യങ്ങള്‍ കൃത്യമായി ഡയറിയില്‍ കുറിക്കുന്ന ശീലമുള്ളവര്‍ക്ക് ഓര്‍മ്മശക്തിയും കൂടുതലാണ്. അതുകൊണ്ടുതന്നെ മറവിയെ ചെറുക്കാന്‍ ഒരു പരിധി വരെ ഡയറി എഴുതുന്നത് ശീലമാക്കുന്നതും നല്ലതാണ്.
ടെന്‍ഷന്‍ കുറയ്ക്കാം: അമിതമായി ടെന്‍ഷന്‍ ഉള്ളവര്‍ക്കും കാര്യങ്ങളെ അത്ര വേഗം ഓര്‍ത്തെടുക്കാന്‍ കഴിയില്ല. ടെന്‍ഷന്‍ അമിതമാകുമ്പോള്‍ മസ്തിഷ്കത്തിലെ കോശങ്ങള്‍ക്ക് നാശം സംഭവിക്കുന്നു. ടെന്‍ഷന്‍ കുറയ്ക്കുന്നതിനായി യോഗ, ധ്യാനം എന്നിവ ശീലമാക്കുന്നതും നല്ലതാണ്.
വ്യായാമം: വ്യായമം ശീലമാക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. മസ്തിഷ്കത്തെ ഊര്‍ജ്ജത്തോടെ നിലനിര്‍ത്തുന്നതിനും വ്യായാമം ഉത്തമമാണ്. അതുകൊണ്ടുതന്നെ ഓര്‍മ്മശക്തി വര്‍ധിപ്പിക്കാനും വ്യായാമം നല്ലതാണ്.