“ഷമ്മി ഹീറോയാടാ ഹീറോ”; മാസ് ഡയലോഗുമായി മുഹമ്മദ് ഷമി, കൂട്ടിന് സഞ്ജുവും: വീഡിയോ

January 30, 2020

‘ഷമ്മി ഹീറോയാടാ ഹീറോ…’ കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തിലെ ഫഹദ് ഫാസിലിന്റെ ഈ ഡയലോഗ് ഒരുതവണയെങ്കിലും ആവര്‍ത്തിക്കാത്ത മലയാളികളുണ്ടാവില്ല. തിയേറ്ററുകളില്‍ കയ്യടി നേടിയ ഈ ഡയലോഗിന് ഇപ്പോഴിതാ ഒരു ക്രിക്കറ്റ് വേര്‍ഷന്‍ ഒരുങ്ങിയിരിക്കുകയാണ്.

ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയാണ് രസകരമായ ഈ ഡയലോഗ് ആവര്‍ത്തിച്ചിരിക്കുന്നത്. മലയാളി താരം സഞ്ജു സാംസണ്‍ ആണ് ‘ഷമ്മി ഹീറോയാടാ ഹീറോ’ എന്ന ഡയലോഗ് മുഹമ്മദ് ഷമിയെക്കൊണ്ട് പറയിപ്പിച്ചത്. രസകരമായ ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതും സഞ്ജു ആണ്.

ടോബിള്‍ ടെന്നീസ് കളിക്കുന്നതിനിടെയായിരുന്നു മുഹമ്മദ് ഷമിയുടെ ഡയലോഗ്. ഒരു ഷോട്ട് അടിച്ച ശേഷം ‘ഷമ്മി ഹീറോയാടാ ഹീറോ’ എന്ന് പറഞ്ഞ് മുഹമ്മദ് ഷമി സഞ്ജുവിനെ കെട്ടിപ്പിടിക്കുന്നതും വീഡിയോയില്‍ കാണാം. എന്തായാലും വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. നിരവധി പേരുടെ വാട്സ്ആപ്പ് സ്റ്റാറ്റസുകളിലും രസകരമായ ഈ വീഡിയോ ഇടം നേടി.

ന്യൂസിലന്‍ഡിനെതിരെ ടി-20 പരമ്പര സ്വന്തമാക്കിയ ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ചുകൊണ്ടാണ് സഞ്ജു ഈ വീഡിയോ പോസ്റ്റ് ചെയ്തത്.

അതേസമയം അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ മൂന്ന് മത്സരങ്ങളിലും വിജയം ആവര്‍ത്തിച്ചാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. ഇന്നലെ നടന്ന മത്സരത്തില്‍ കളത്തിലെ ഹീറോയായിരുന്നു മുഹമ്മദ് ഷമി. അവസാന ഓവറില്‍ 9 റണ്‍സ് ആയിരുന്നു ന്യൂസിലന്‍ഡിന് വിജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ മുഹമ്മദ് ഷമിയുടെ തകര്‍പ്പന്‍ ബൗളിങ് ന്യൂസിലന്‍ഡിന്റെ റണ്ണൊഴുക്കിന് തടയിട്ടു. അവസാന ഓവറില്‍ എട്ട് റണ്‍സ് എടുത്ത ന്യൂസിലന്‍ഡ് സമനിലയിലെത്തി.

പിന്നീട് സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 17 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ അടി തെറ്റിയില്ല. അവസാന രണ്ട് പന്തില്‍ പത്ത് റണ്‍സ് വിജയിക്കാന്‍ വേണ്ടിയിരുന്ന ഇന്ത്യയെ രക്ഷിച്ചത് രോഹിത് ശര്‍മ്മയാണ്. സൂപ്പര്‍ ഓവറിലെ അഞ്ചും ആറും പന്തില്‍ രോഹിത് ശര്‍മ്മ സിക്‌സ് അടിച്ചു.

What a lovely game of cricket tonight..!!And a special heart shown by this Hero !!Nammude Swandam Shami bhai !!SHAMI HERO AADA HERO !! 😅😅😅

Posted by Sanju Samson on Wednesday, 29 January 2020