മികച്ച ജനസ്വീകാര്യത നേടി നാട്ടിക ബീച്ച് ഫെസ്റ്റിവല്‍

January 26, 2020

പൂരങ്ങളുടെ നാടായ തൃശ്ശൂരില്‍ വിസ്മയക്കാഴ്ചകള്‍ ഒരുക്കിയ നാട്ടിക ബീച്ച് ഫെസ്റ്റിവല്‍ അവസാന ദിനത്തിലേക്ക്. ജനുവരി 16 ന് ആരംഭിച്ച മഹാമേള ഇന്ന് വരെയാണ്. ജനലക്ഷങ്ങളാണ് നാട്ടിക ബീച്ച് ഫെസ്റ്റില്‍ പങ്കാളികളായെത്തിയത്. ഇന്ന് വൈകിട്ട് നടക്കുന്ന മ്യൂസിക് റ്റുമോറോ അവാര്‍ഡ്‌സ് 2020 എന്ന പുരസ്‌കാര നിശയോടുകൂടി നാട്ടിക ബീച്ച് ഫെസ്റ്റിവല്‍ സമാപിക്കും.

തെന്നിന്ത്യന്‍ പിന്നണി ഗാനരംഗത്തെ പ്രണയഗായകന്‍ സിദ് ശ്രീറാം, യുവഹൃദയങ്ങള്‍ കീഴടക്കിയ സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍, വിജയ് യേശുദാസ്, സിത്താര കൃഷ്ണകുമാര്‍, സൂരജ് സന്തോഷ്, സൗമ്യ, ഇഷാന്‍ ദേവ്, അമൃത സുരേഷ്, മധുമതി നാരായണി, അഭയ ഹിരണ്മയി തുടങ്ങിയ സംഗീത പ്രതിഭകള്‍ ഇന്ന് വൈകിട്ട് നാട്ടിക ബീച്ചില്‍ അരങ്ങേറുന്ന സംഗീതരാവില്‍ പങ്കെടുക്കാനെത്തുന്നു.

ജനലക്ഷങ്ങള്‍ക്ക് കാഴ്ചവസന്തം സമ്മാനിച്ച നാട്ടിക ബീച്ച് ഫെസ്റ്റിന്റെ ഭാഗമായി രാമു കാര്യാട്ട് ഫിലിം അവാര്‍ഡ് 2020 ഇന്നലെ നാട്ടിക ബീച്ചില്‍ അരങ്ങേറി. താരസംഗമ രാവിന് സാക്ഷ്യം വഹിച്ചത് അനേകായിരങ്ങളാണ്.

അതേസമയം ഏറെ ജനശ്രദ്ധ ആകര്‍ഷിക്കുന്നുണ്ട് മേളയിലെ പെറ്റ് ഷോ. ഫെതര്‍ ആന്‍ഡ് നെയില്‍ പെറ്റ് ഷോയ്ക്ക് മികച്ച ജനസ്വീകാര്യതയാണ് ലഭിക്കുന്നതും. അന്താരഷ്ട്ര വിപണിയില്‍ നാലരലക്ഷത്തോളം രൂപ വിലമതിക്കുന്ന ഹാര്‍ലിക്കന്‍ മക്കാവോ, രണ്ട് ലക്ഷത്തിലധികം വിലമതിക്കുന്ന ബ്ലൂ ഹെഡഡ് വൈനസ് തുടങ്ങി നൂറിലധികം ഇനത്തില്‍പ്പെട്ട പക്ഷികളും മുപ്പതിലധികം രാജ്യങ്ങളില്‍ നിന്നുള്ള പ്രാവിനങ്ങളും നൂറിലധികം കോഴി വര്‍ഗത്തില്‍പ്പെട്ട പക്ഷികളും അറേബ്യന്‍ പൂച്ചകളും അന്താരാഷ്ട്ര വിപണിയില്‍ ആറ് ലക്ഷത്തില്‍പ്പരം രൂപ വിലമതിക്കുന്ന ബ്ലാക്ക് ടപ്പ് മര്‍മ്മോസെറ്റ് കുരങ്ങുകളും ഉള്‍പ്പെടെ ആയിരത്തിലധികം പക്ഷിമൃഗാദികളാണ് പെറ്റ് ഷോയില്‍ ഉള്ളത്. പ്രായഭേദമന്യേ മേളയിലെത്തുന്നവര്‍ക്ക് കൗതുകം നിറഞ്ഞ വിസ്മയക്കാഴ്ച ഒരുക്കുകയാണ് ഈ പെറ്റ് ഷോ.

ഇതിനുപുറമെ, വൈവിധ്യമാര്‍ന്ന വസ്ത്രങ്ങളുടെ മേള, ഓട്ടോമൊബൈല്‍, ഇന്റീരിയര്‍ ഡിസൈന്‍, വിദ്യാഭ്യാസ രംഗത്തെ കുറിച്ചുള്ള നിര്‍ദേശങ്ങള്‍ക്കായി പ്രത്യേക കൗണ്ടറുകള്‍, ലോണ്‍ മേള തുടങ്ങിയവയെല്ലാം നാട്ടിക ബീച്ച് ഫെസ്റ്റിന്റെ മറ്റ് ആകര്‍ഷണങ്ങളാണ്. മേളയില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്ക് ഗുണമേന്മയുള്ള സാധനങ്ങള്‍ കുറഞ്ഞ വിലയില്‍ വാങ്ങാനുള്ള സൗകര്യവുമുണ്ട്.