സൂപ്പര്‍ ഓവറില്‍ ‘അടി’തെറ്റാതെ ഇന്ത്യ; നാലാം ടി-20യിലും ജയം

January 31, 2020

ഇന്ത്യ- ന്യൂസിലന്‍ഡ് ടി-20 പരമ്പരയിലെ നാലാം മത്സരത്തിലും വിജയനേട്ടം കൊയ്ത് ഇന്ത്യ. ഇരു ടീമുകളും സമനിലയിലെത്തിയതിനെ തുടര്‍ന്ന് മത്സരം സൂപ്പര്‍ ഓവറിലേക്ക് നീങ്ങുകയായിരുന്നു. സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്‍ഡ് 13 റണ്‍സ് അടിച്ചെടുത്തു. സൂപ്പര്‍ ഓവറില്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 16 റണ്‍സ് നേടി വിജയം കൊയ്തു. 10 റണ്‍സ് നേടിയ കെ എല്‍ രാഹുലാണ് സൂപ്പര്‍ ഓവറിലെ താരം. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ ടി-20 മത്സരത്തില്‍ കഴിഞ്ഞ നാല് മത്സരങ്ങളിലും വിജയം നേടിയിരിക്കുകയാണ് ടീം ഇന്ത്യ.

നാലാം അങ്കത്തില്‍ ടോസ് നേടിയ ന്യൂസിലന്‍ഡ് ഫീല്‍ഡിങ് തിരഞ്ഞെടുത്തതോടെ ഇന്ത്യ ബാറ്റിങ്ങിനിറങ്ങി. കെ എല്‍ രാഹുലും മലയാളി താരം സഞ്ജു വി സാംസണുമായിരുന്നു ഇന്ത്യയുടെ ഓപ്പണര്‍മാര്‍. രോഹിത് ശര്‍മ്മയ്ക്ക് പകരക്കാരനായാണ് സഞ്ജു വി സാംസണ്‍ ഓപ്പണറായി ടീമിലെത്തിയത്. രവീന്ദ്ര ജഡേജയ്ക്ക് പകരമായി വാഷിങ്ടണ്‍ സുന്ദറും മുഹമ്മദ് ഷമിക്ക് പകരമായി നവ്ദീപ് സെയ്‌നിയും ഇന്ന് കളത്തിലിറങ്ങി.

ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സ് അടിച്ചെടുത്തു. ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കിക്കൊണ്ട് സഞ്ജു ബാറ്റിങ്ങിനിറങ്ങിയെങ്കിലും ഭേദപ്പെട്ട സ്‌കോര്‍ നേടാന്‍ സഞ്ജുവിന് ആയില്ല. അഞ്ച് ബോളില്‍ നിന്നായി ഒരു സിക്‌സ് അടക്കം 8 റണ്‍സ് നേടി സഞ്ജു കളം വിട്ടു. 50 റണ്‍സ് നേടി പുറത്താകാതെ നിന്ന മനീഷ് പാണ്ഡെയാണ് ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. കെ എല്‍ രാഹുല്‍ 26 പന്തുകളില്‍ നിന്നായി 39 റണ്‍സ് നേടി ഇന്ത്യയ്ക്ക് മികച്ച പിന്തുണ നല്‍കി.

ബൗളിങ്ങിലും ഭേദപ്പെട്ട പ്രകടനമാണ് ഇന്ത്യ പുറത്തെടുത്തത്. ശാര്‍ദ്ദുല്‍ ഠാക്കൂര്‍ ഇന്ത്യയ്ക്കായി രണ്ട് വിക്കറ്റ് നേടി. ജസ്പ്രീത് ബുംറ, യുസ്വേന്ദ്ര ചാഹല്‍ എന്നിവരും ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്‍ഡ് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 165 റണ്‍സ് നേടിയത്. 64 റണ്‍സ് നേടിയ കോളിന്‍ മണ്‍റോ ആണ് ന്യൂസിലന്‍ഡിന്റെ ടോപ് സ്‌കോറര്‍.