‘എമ്പുരാൻ’ അങ്ങേയ്ക്ക് സമർപ്പിക്കുന്നു- ഭരത് ഗോപിക്ക് ആദരവുമായി പൃഥ്വിരാജ്

January 29, 2020

ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് ‘ലൂസിഫർ’ എന്ന മെഗാ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗമായ ‘എമ്പുരാൻ’. മോഹൻലാലിനെ നായകനാക്കി മുരളി ഗോപിയുടെ തിരക്കഥയിൽ പൃഥ്വിരാജ് ഒരുക്കിയ ‘ലൂസിഫറി’ന്റെ വിജയത്തിന് പിന്നാലെ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനവും ഔദ്യോഗികമായി വന്നിരുന്നു. ഇപ്പോൾ ‘എമ്പുരാൻ’ അനശ്വര നടൻ മുരളി ഗോപിക്ക് സമർപ്പിക്കുന്നതായി അറിയിച്ചിയ്ക്കുകയാണ് പൃഥ്വിരാജ്.

ഭാരത് ഗോപിയുടെ പന്ത്രണ്ടാം ചരമ വാർഷികത്തിലാണ് ഓർമ്മക്കുറിപ്പ് പങ്കുവെച്ച് പൃഥ്വിരാജ്, ‘എമ്പുരാൻ’ ഭരത് ഗോപിക്ക് സമർപ്പിച്ചത്.

‘മലയാളത്തിലെ മികച്ച നടന്മാരിൽ ഒരാൾ. നമ്മൾ കണ്ടുമുട്ടിയിട്ടുള്ള കുറച്ച് സമയത്തെ അപേക്ഷിച്ച് വളരെ കുറച്ച് മാത്രമേ അങ്ങയെ കുറിച്ച് അറിയൂ. ഞാനും അങ്ങയുടെ മകനും തമ്മിൽ സഹോദരങ്ങൾക്കപ്പുറം സംവിധായകനും തിരക്കഥാകൃത്തുമായുള്ള ബന്ധവും ഉണ്ട്. ‘എമ്പുരാൻ’ അങ്ങേയ്ക്ക് സമർപ്പിക്കുന്നു’. പൃഥ്വിരാജ് കുറിക്കുന്നു.

2021 ൽ ആണ് ‘എമ്പുരാൻ’ ഷൂട്ടിങ് ആരംഭിക്കും എന്നാണ് മുരളി ഗോപി വ്യക്തമാക്കിയത്. മലയാള സിനിമയിൽ 200 കോടി ക്ലബിൽ ഇടം നേടിയ ആദ്യ ചിത്രമാണ് ‘ലൂസിഫർ’. ‘ലൂസിഫറി’ന്റെ ഗംഭീര വിജയമാണ് പൃഥ്വിരാജ്- മോഹൻലാൽ- മുരളി ഗോപി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കാൻ ‘എമ്പുരാനി’ലൂടെ തീരുമാനിച്ചത്.

പൃഥ്വിരാജ് ഇപ്പോൾ അഭിനയത്തിന്റെ തിരക്കിലാണ്. ‘അയ്യപ്പനും കോശിയും’ റിലീസിന് തയ്യാറെടുക്കുന്നു. ബ്ലെസ്സി സംവിധാനം ചെയ്യുന്ന ‘ആട് ജീവിത’ത്തിന്റെ ഷൂട്ടിംഗ് 2020 ന്റെ അവസാനത്തിൽ മാത്രമേ പൂർത്തിയാകൂ. പിന്നീട് ‘കടുവ’ എന്ന ചിത്രവും പൃഥ്വിരാജിന്റേതായി ഒരുങ്ങും.

പൃഥ്വിരാജിനെ നായകനാക്കി രതീഷ് അമ്പാട്ട് ഒരുക്കുന്ന ചിത്രത്തിന്റെ രചനയിലാണ് മുരളി ഗോപി. അതിനു ശേഷമേ ‘എമ്പുരാനി’ലേക്ക് കടക്കൂ എന്ന് മുരളി ഗോപി വ്യക്തമാക്കിയിട്ടുണ്ട്.

Read More:കൊറോണ വൈറസ്: ചൈനയിൽ മരണം 132, വുഹാനിൽ കുടുങ്ങിയ വിദ്യാർത്ഥികളെ തിരിച്ചെത്തിക്കാൻ നീക്കം ശക്തം

അതേസമയം, ആദ്യമായി സംവിധാനം ചെയ്യുന്ന ‘ബറോസ്’ എന്ന സിനിമയുടെ തിരക്കിലാണ് ഈ വരുന്ന രണ്ടു വർഷങ്ങളിൽ മോഹൻലാൽ. മൂന്നു പേരും എല്ലാ തിരക്കുകളും മാറ്റിവെച്ച് ഒന്നിക്കുക, 2021ലാണ്.