കലകളിലെ കൗതുകത്തിനൊപ്പം അറിവിന് ആവേശം പകരാൻ ‘കൾട്ട് എ വേ ഫെസ്റ്റ്’ ഒരുങ്ങുന്നു
ചലച്ചിത്ര മേളകളും ആളും ആരവങ്ങളും ഒഴിഞ്ഞ പത്മനാഭന്റെ മണ്ണിൽ മറ്റൊരു ഉത്സവം കൊടിയേറാൻ ഒരുങ്ങുകയാണ്… ശ്രീ ചിത്തിര തിരുനാൾ എൻജിനീയറിങ് കോളേജിലെ ‘കൾട്ട് എ വേ ഫെസ്റ്റി’ലൂടെ. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന കോളേജ് ഫെസ്റ്റിവലിന്റ പത്താം പതിപ്പിന് കൊടിയേറാൻ ഇനി ദിവസങ്ങൾ മാത്രം.
സൗത്ത് ഇന്ത്യയിലെ ഏറ്റവും മികച്ച കോളേജ് ഫെസ്റ്റിവലിൽ ഒന്നായ കൾട്ട് എ വേ ഫെസ്റ്റിൽ ഇന്ത്യയുടെ അങ്ങോളമിങ്ങോളമുള്ള കോളേജുകളിൽ നിന്നും വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. 55-ലധികം കോളേജുകളിൽ നിന്നും 2500-ലധികം മത്സരാത്ഥികൾക്ക് പങ്കെടുക്കാൻ സാധിക്കുന്ന രീതിയിലാണ് കോളേജ് ഫെസ്റ്റ്.
കലകളിൽ കൗതുകം ഒളിപ്പിക്കുന്ന പ്രകടനങ്ങൾക്കൊപ്പം അറിവിന് ആവേശം കൊളുത്തുന്ന മത്സരങ്ങളും കൾട്ട് എ വേ ഫെസ്റ്റിൽ അരങ്ങേറും. സാമൂഹ്യ ബോധമുള്ള പുതുതലമുറയെ വാർത്തെടുക്കാൻ സഹായിക്കുന്ന നിരവധി പരിപാടികളും കൾട്ട് എ വേയുടെ ഭാഗമാകും. അവയവദാനം, ഭവനരഹിതർക്ക് വീടൊരുക്കൽ തുടങ്ങി നിരവധി സാമൂഹ്യനന്മ വിളിച്ചിച്ചോതുന്ന പ്രവർത്തനങ്ങളും കലാപരിപാടികൾക്കൊപ്പം നടത്തുന്നുണ്ട്. പ്രമുഖ സംഗീത പ്രതിഭകൾ മാറ്റുരയ്ക്കുന്ന മ്യൂസിക്കൽ നൈറ്റും കൾട്ട് എ വേയുടെ പ്രധാന ആകർഷണമാണ്.
കനകക്കുന്ന് നിശാഗന്ധിയിൽ ഒരുക്കുന്ന വർണ്ണാഭമായ പരിപാടിയിലേക്ക് അപേക്ഷകൾ അയച്ചുതുടങ്ങാം.