നന്നായി ഉറങ്ങാൻ ചില ലളിതമാർഗങ്ങൾ

January 7, 2020

ഇന്ന് മിക്കവരെയും അലട്ടുന്ന പ്രശ്നമാണ് ഉറക്കക്കുറവ്. ഉറക്കം കുറഞ്ഞാൽ അത് നിരവധി രോഗങ്ങളെ വിളിച്ചുവരുത്തും. ഒരു ശരാശരി മനുഷ്യൻ ദിവസവും ആറു മണിക്കൂർ എങ്കിലും ഉറങ്ങണമെന്നാണ് പറയാറുള്ളത്. ഉറക്കം കുറയുന്നതു മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ പ്രത്യകിച്ചും കൗമാരക്കാരിലാണ് കാണാറുള്ളത്.

അമിതമായ മൊബൈൽ ഫോൺ ഉപയോഗമാണ് കൗമാരക്കാരിൽ ഉറക്കം കുറയാനുള്ള പ്രധാന കാരണം. നല്ല ആരോഗ്യമുള്ളവരായി ഇരിക്കണമെങ്കിൽ നല്ല ഉറക്കം അനിവാര്യമാണ്. നല്ല രീതിയിൽ ഉറക്കം ലഭിച്ചില്ലെങ്കിൽ അത് പല രോഗങ്ങൾക്കും കാരണമാകും. എന്നാൽ പലർക്കും ഇപ്പോഴും അറിയില്ലാത്ത ഒരു കാര്യമാണ് എങ്ങനെ ഉറങ്ങണമെന്നത്.

പലരും ഉറക്കത്തിനിടയിൽ ഞെട്ടി ഉണരാറുണ്ട്. കൃത്യമായ രീതിയിൽ ശ്വസന പ്രക്രിയ നടക്കാത്തതാണ് ഇതിന് കാരണം. ഉറങ്ങുന്ന സമയത്ത് വായ അടച്ച് വേണം ഉറങ്ങാന്‍. ഇത് മികച്ച ഉറക്കം നല്‍കാന്‍ സഹായിക്കും.

യോഗയുടെ ഭാഗമായുള്ള നാഡിശ്വസന രീതി പിന്തുടരുന്നത് ശരീരത്തിന് നല്ലതാണ്. ഇതും മികച്ച രീതിയിലുള്ള ഉറക്കം ലഭിക്കുന്നതിന് സഹായിക്കും. 

Read more: ഇലക്കറിയും ആരോഗ്യ ഗുണങ്ങളും

ഉറങ്ങാന്‍ കിടക്കുന്ന സമയം, ഇടം എന്നിവയെല്ലാം നമുക്ക് കംഫർട്ടബിൾ ആണെന്ന് ഉറപ്പുവരുത്തണം. അതോടൊപ്പം തന്നെ ഭക്ഷണപാനീയങ്ങളുടെ കാര്യത്തിലും ചെറിയ ജാഗ്രത പുലര്‍ത്തണം. ജങ്ക് ഫുഡിന്റെ അമിത ഉപയോഗം ഉറക്കം കുറയാൻ കാരണമാകും.

നല്ല ഉറക്കം ഓർമ്മ ശക്തി വർധിപ്പിക്കാനും സഹായിക്കും. മെലറ്റോണിൻ  എന്ന ഹോർമോൺ രാത്രിയിലാണ് ഉത്പാദിപ്പിക്കപ്പെടുന്നത്. ഇത് കൗമാരക്കാരിൽ ഇതര പ്രായക്കാരേക്കാളും വൈകിയാണ് ഉത്പാദിപ്പിക്കാറുള്ളത്. അതുകൊണ്ടുതന്നെ നല്ല ഉറക്കം വളരെ അത്യാവശ്യമാണ്.

ഉറങ്ങാൻ പോകുന്നതിനു മുൻപ് ഒരുപിടി ബദാം കഴിച്ചാൽ സുഖ മായി ഉറങ്ങാം. സ്ഥിരമായി ഇങ്ങനെ ചെയ്താൽ നല്ല ഉറക്കം ലഭിക്കും.ബദാമിൽ അടങ്ങിയിരിക്കുന്ന മഗ്നീഷ്യമാണ് ഉറക്കം നൽകുന്നത്. കിടക്കുന്നതിന് മുൻപ് ഒരു ഗ്ലാസ് തിളപ്പിച്ചാറ്റിയ പാൽ കുടിച്ചാൽ സുഖമായി ഉറങ്ങാം. ട്രിപ്റ്റോഫാനും, കാൽസ്യവുമൊക്കെ നല്ല ഉറക്കം പ്രദാനം ചെയ്യുന്നവയാണ്. ഫൈബർ നല്ല അളവിൽ അടങ്ങിയിട്ടുള്ളതിനാൽ ഓട്സും നല്ല ഉറക്കം പ്രദാനം ചെയ്യുന്നു.