‘എന്നെ കേൾക്കാതെ രഹസ്യത്തിൽ പറയും കഞ്ചാവു പിള്ളേരാന്നേ ഇങ്ങനെയൊക്കെ നടക്കുന്നത്’; ഹൃദയംതൊട്ട് ഒരു അമ്മയുടെ കുറിപ്പ്, അഭിമാനം..!
ഫ്രീക്ക് പയ്യന്മാർ മുഴുവൻ കഞ്ചാവാണെന്ന് പറയുന്ന നിരവധി ആളുകളെ നാം കാണാറുണ്ട്. എന്നാൽ ഈ സങ്കൽപ്പങ്ങൾക്ക് ചില തിരിച്ചടികൾ ലഭിച്ച സമയമായിരുന്നു കഴിഞ്ഞ പ്രളയകാലം. പ്രളയം തകർത്തെറിഞ്ഞ കേരളത്തിന് കൈത്താങ്ങായി ഇവർ മുഴുവൻ സമയവും സഹായ പ്രവർത്തനങ്ങളുമായി എത്തിയിരുന്നു. ഇപ്പോഴിതാ ഒരു അമ്മയുടെ ഫേസ്ബുക്ക് കുറിപ്പാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
തന്റെ മകൻ നീട്ടി വളർത്തിയ മുടിയെ നോക്കി അവൻ കഞ്ചാവാണെന്ന് പറഞ്ഞ വലിയൊരു സമൂഹത്തിനുള്ള മറുപടി കൂടിയാണ് ഈ അമ്മയുടെ ഫേസ്ബുക്ക് കുറിപ്പ്. സ്മിത എന്ന സ്ത്രീയാണ് മകൻ അഭിയെക്കുറിച്ച് ഹൃദയംതൊടുന്ന കുറിപ്പ് എഴുതിയത്.
“മകൻ തലമുടി നീട്ടി വളർത്തുമ്പോൾ എല്ലാരും ചോദിക്കും, എന്തിനാ മോനെ മുടി വളർത്താൻ അനുവദിക്കുന്നത് …? ഒരു ജാതി പോക്കു പിള്ളേരാണ് ഇങ്ങിനെയൊക്കെ നടക്കണത്ന്ന്…(എന്നെ കേൾക്കാതെ രഹസ്യത്തിൽ പറയും കഞ്ചാവു പിള്ളേരാന്നെ ഇങ്ങനൊക്കെ നടക്കണത്ന്ന്) കാക്കയ്ക്കും തൻകുഞ്ഞ് പൊൻകുഞ്ഞല്ലേ…അവരൊക്കെ പറയണ കേട്ടിട്ട് എനിക്ക് വിഷമം തോന്നണെടാ കണ്ണാന്ന് ഞാൻ പറയുമ്പോൾ, അവൻ എന്നോടു പറയും, സുഖമില്ലാതെ മുടി പോയ ഒത്തിരി പേരുണ്ട് അവർക്ക് ആർക്കെങ്കിലും കൊടുക്കാൻ ആണ്, പറയുന്നവർ പറഞ്ഞോട്ടെ, അമ്മ വിഷമിക്കണ്ടായെന്ന്… അമ്മയ്ക്കെന്നെ അറിയാല്ലോ അതു മതീന്ന്… അതെ എനിക്കതുമതി… ബാക്കി കാലം പറയട്ടെ… പ്ലസ് ടു മുതൽ വളർത്തണതാ… ഡിഗ്രി രണ്ടാം വർഷമായിപ്പോ…ദാ! ഇന്നു മുറിച്ചു … നാളെക്കൊണ്ടു കൊടുക്കും.. സന്തോഷമായി… അവനെക്കൊണ്ട് പറ്റീത് അവൻ ചെയ്തല്ലോ… അണ്ണാറക്കണ്ണനും തന്നാലായത്….. Love you Kannan vave.. ” സ്മിത ഫേസ്ബുക്കിൽ കുറിച്ചു.