ഹോളിവുഡ് സിനിമകളോട് കിടപിടിക്കാൻ എബ്രിഡ് ഷൈനിന്റെ ‘ദി കുങ്ഫു മാസ്റ്റർ’ ജനുവരിയിൽ എത്തും; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു

January 2, 2020

1983, ആക്ഷൻ ഹീറോ ബിജു, പൂമരം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയ സംവിധായകനായി മാറിയ എബ്രിഡ് ഷൈൻ ഒരുക്ക നാലാമത്തെ സിനിമയാണ് ‘ദി കുങ്ഫു മാസ്റ്റർ’. ചിത്രത്തിന്റെ ട്രെയ്‌ലർ കഴിഞ്ഞ ദിവസം പുറത്ത് വന്നപ്പോൾ വലിയ സ്വീകാര്യതയാണ് മലയാളികൾ നൽകിയത്.

ഹോളിവുഡ് ചിത്രങ്ങളോട് കിടപിടിക്കുന്ന തരത്തിൽ ആക്ഷൻ സീനുകളുമായാണ് ‘ദി കുങ്ഫു മാസ്റ്റർ’ എത്തിയത്. ഇപ്പോൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തിയിരിക്കുകയാണ്.

‘ദി കുങ്ഫു മാസ്റ്റർ’ എന്ന പേരിട്ടിരിക്കുന്ന ഈ ആക്ഷൻ ചിത്രം പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ കുങ്ഫു എന്ന ആയോധന കലയെ അടിസ്ഥാനപ്പെടുത്തി കഥ പറയുന്ന ഒരു ചിത്രമാണ്.

Read More:മലയാളത്തിൽ നിന്നും മുംബൈ ഭീകരാക്രമണം സിനിമയാകുന്നു

പൂമരത്തിലെ നായികാ വേഷം ചെയ്ത നീത പിള്ളയും പുതുമുഖമായ ജിജി സ്കറിയയുമാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്.സനൂപ് ഡി, സംഗീത സംവിധായകൻ സൂരജ് എസ് കുറുപ്പ്, അഞ്ജു ബാലചന്ദ്രൻ, രാമമൂർത്തി, രാജൻ വർഗീസ്, വിനോദ് മാത്യു, ഹരീഷ് ബാബു തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഫുൾ ഓൺ സ്റ്റുഡിയോ ഫ്രെയിംസാണ് ചിത്രം നിർമിക്കുന്നത്.

അർജുൻ രവി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് സംഗീതവും, പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത് ഇഷാൻ ഛബ്രയാണ്.ചിത്രത്തിന്റെ എഡിറ്റിംഗ്‌ കെ ആർ മിഥുൻ. ചിത്രം ജനുവരി 24ന് തിയറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ട്.