ലോകമുത്തച്ഛനായി കേശവൻ നായർ; ഓർമ്മകൾ പങ്കുവെച്ച് കൊല്ലം സ്വദേശി, വീഡിയോ
119 വർഷത്തെ കഥകൾ പറയാനുണ്ട് കേശവൻ നായർ എന്ന ലോകമുത്തച്ഛന്. ലോകത്തിലെതന്നെ ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് കൊല്ലം ജില്ലയിലെ പട്ടാഴി സ്വദേശിയായ കേശവൻ നായർ. അടുത്തിടെയാണ് ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി താനാണെന്ന് കേശവൻ നായർ തിരിച്ചറിഞ്ഞത്.
സ്വാതന്ത്ര്യ സമരസേനാനി കൂടിയായ കേശവൻ നായർക്കും പറയാനുണ്ട് ഒരുപാട് അനുഭവകഥകൾ… ഗാന്ധിജിയെക്കണ്ടതിന്റെ ഓർമ്മകളും സ്വാതന്ത്ര സമരത്തിന്റെ ഓർമ്മകളുമെല്ലാം കേശവൻ നായർ ഇപ്പോഴും വാതോരാതെ പറയും. അഞ്ച് മക്കളാണ് കേശവൻ നായർക്ക്. ഭാര്യയും മൂത്ത മകനും നേരത്തെ മരിച്ചു. ഇളയമകൾക്കൊപ്പമാണ് ഇപ്പോൾ അദ്ദേഹം താമസിക്കുന്നത്.
അധ്യാപകൻ ആയി സേവനം അനുഷ്‌ഠിച്ചിരുന്ന കേശവൻ നായർ, ഈ പ്രായത്തിലും സംസ്‌കൃത ശ്ലോകങ്ങൾ ഉരുവിടും. വർഷങ്ങൾക്ക് മുൻപ് കോട്ടയത്തുനിന്നും കൊടുമണ്ണിലേക്കും പിന്നീട് അവിടെ നിന്നും പട്ടാഴിയിലേക്കും കുടിയേറിയതാണ് ഈ ലോകമുത്തച്ഛൻ.
ജീവിതത്തിലെ മനോഹരമായ നിമിഷങ്ങൾ ആസ്വദിക്കുകയാണ് ഇപ്പോഴും കേശവൻ നായർ. പ്രായത്തിന്റെ അസ്വസ്ഥതകൾ തളർത്താതെ ഇപ്പോഴും ജീവിതത്തിന്റെ സൗന്ദര്യം ആസ്വദിക്കുകയാണ് 119 ൽ നിന്നും 120 ലേക്ക് കടക്കാൻ ഒരുങ്ങുന്ന ഈ ലോകമുത്തച്ഛൻ.