കടലിന്റെ അടിത്തട്ടില്‍ ചിറകുകള് ഉപയോഗിച്ച് നടന്നു നീങ്ങുന്ന സ്രാവുകള്‍: വീഡിയോ
അനുദിനം വളര്‍ന്നുകൊണ്ടിരിക്കുകയാണ് ശാസ്ത്രലോകം. അതുകൊണ്ടുതന്നെ പരിസ്ഥിതിയിലെ പലതും ഗവേഷണവിധേയമായിക്കൊണ്ടിരിക്കുന്നു. ഇതുവഴി മനുഷ്യരില്‍ കൗതുകവും അമ്പരപ്പും നിറയ്ക്കുന്ന പലതരം കണ്ടെത്തലുകളും ഉടലെടുക്കുന്നുണ്ട്. ഇപ്പോഴിതാ തികച്ചും വ്യത്യസ്തമായ ഒരു കണ്ടെത്തലാണ് ശാസ്ത്രലോകത്ത് ശ്രദ്ധ നേടുന്നത്.
സ്രാവ് ഇനത്തില്‍പ്പെട്ട ചില മീനുകളെക്കുറിച്ചുള്ളതാണ് ഈ കണ്ടെത്തല്‍. പൊതുവെ മീനുകള്‍ നടന്നു നീങ്ങാറില്ല എന്നതാണ് വാസ്തവം. എന്നാല്‍ നടന്നുനീങ്ങുന്ന മീനുകളാണ് ശാസ്ത്രലോകത്ത് കൗതുകം നിറയ്ക്കുന്നത്. ചിറകുകള് ഉപയോഗിച്ച് നടക്കാന്‍ സാധിക്കുന്ന നാലിനം സ്രാവുകളെയാണ് കണ്ടെത്തിയിരിക്കുന്നത്. 12 വര്‍ഷത്തെ പഠനം വേണ്ടിവന്നു ഈ കണ്ടെത്തലിന്. ഓസ്ട്രേലിയയിലെ ചില തീരങ്ങളുടെ സമീപത്തുനിന്നുമാണ് ഇവയെ കണ്ടെത്തിയിരിക്കുന്നത്.
അലങ്കാരമത്സ്യങ്ങളോട് സാമ്യപ്പെട്ടതാണ് ഇവയുടെ ശരീരപ്രകൃതി. ഒരു മീറ്ററില്‍ താഴെ മാത്രമാണ് നീളം. നടക്കുന്നതിന് പുറമെ ഇരപിടിക്കുന്ന സമയത്ത് ചിറകുകള് ഉപയോഗിച്ച് ഇവ നീന്താറുമുണ്ട്. സാധാരണഗതിയില്‍ മനുഷ്യരെ അക്രമിക്കാറില്ല ഈ കുഞ്ഞന്‍ സ്രാവുകള്‍.
ഓക്സിജന്‍ വളരെ കുറവുള്ള പരിസ്ഥിതിയിലാണ് ഇവയ്ക്ക് ജീവിക്കാന്‍ സാധിക്കുക. അതുകൊണ്ടുതന്നെ കടലിന്റെ അടിത്തട്ടിലാണ് ഇത്തരം സ്രാവുകളെ ഗവേഷകര്‍ക്ക് കണ്ടെത്താന്‍ സാധിച്ചതും. പുറന്തോടുള്ള ജീവിവര്‍ഗങ്ങളെയാണ് ഈ സ്രാവിനങ്ങള്‍ ഭക്ഷണമാക്കുന്നത്. അതായത് ചെമ്മീന്‍, കക്ക, ഞണ്ട് തുടങ്ങിയ ജീവിവര്‍ഗങ്ങളെ ഇരയാക്കുന്നു.