ചതുപ്പിൽ വീണ മനുഷ്യന് സഹായവുമായി ഒറാങ്ങൂട്ടാൻ; ഹൃദയംതൊട്ട് ഒരു സ്നേഹചിത്രം
ചിലപ്പോൾ മനുഷ്യരെക്കാളും വിവേകത്തോടെയാണ് പക്ഷികളും മൃഗങ്ങളുമൊക്കെ പെരുമാറുന്നത്. പലപ്പോഴും അത്തരം ചിത്രങ്ങൾക്കും വീഡിയോകൾക്കും നിറഞ്ഞ സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്. ആപത്തിൽ അകപ്പെട്ട ഒരു മനുഷ്യന് സഹായ ഹസ്തവുമായി എത്തിയ ഒറാങ്ങൂട്ടാന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളുടെ മുഴുവൻ ശ്രദ്ധ കവരുന്നത്.
ഇന്തോനേഷ്യയിൽ സഞ്ചാരത്തിന് പോയ ഇന്ത്യക്കാരനും ഫോട്ടോഗ്രാഫറുമായ അനിൽ പ്രഭാകർ പങ്കുവെച്ച ചിത്രമാണ് കാഴ്ചക്കാരുടെ മുഴുവൻ മനം കവരുന്നത്. ചതുപ്പിൽ വീണ മനുഷ്യനെ കരയ്ക്ക് കയറ്റാൻ തന്റെ കരം നീട്ടുന്ന ഒറാങ്ങൂട്ടാന്റെ ചിത്രങ്ങളാണ് അനിൽ പ്രഭാകർ തന്റെ കാമറയിൽ പകർത്തിയത്. മനുഷ്യന് സമാനമായ ഹൃദയ വിശാലത കാണിച്ചിരിക്കുകയാണ് ഈ മൃഗം.
ബോർണിയോയിലെ ഒറാങ്ങൂട്ടാൻ സംരക്ഷിത കേന്ദ്രത്തിലാണ് സംഭവം. സംരക്ഷിത കേന്ദ്രത്തിലെ ജീവനക്കാരനെയാണ് ഒറാങ്ങൂട്ടാൻ സഹായിക്കാൻ എത്തിയത്. ഈ മൃഗസംരക്ഷണ കേന്ദ്രത്തിന്റെ സമീപത്തുനിന്നും പാമ്പുകളെ ഒഴിവാക്കുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുകയായിരുന്ന ജീവനക്കാരനാണ് അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണത്. അദ്ദേഹം വെള്ളത്തിൽ വീഴുന്നത് കണ്ടയുടൻ തന്നെ സഹായ ഹസ്തവുമായി ഒറാങ്ങൂട്ടാൻ എത്തുകയായിരുന്നു.
അതേസമയം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ട ഈ ചിത്രങ്ങളെ വിമർശിച്ചും അനുകൂലിച്ചും നിരവധി ആളുകൾ എത്തുന്നുണ്ട്.