യാത്രകള്‍ ഇഷ്ടപ്പെടുന്നവര്‍ക്കായ് തലയെടുപ്പോടെ ജടായു പാറ
യാത്രകളെ ഇഷ്ടപ്പെടുന്നവര്‍ നിരവധിയാണ്. യാത്രാപ്രേമികള്‍ക്ക് കാഴ്ചകള്‍ ആസ്വദിക്കാന്‍ സുന്ദരമായ ഒരിടമുണ്ട്, ജടായു പാറ. മനോഹരമായ ഒരു പരിസ്ഥിതി ഉദ്യാനമാണ് ഇത്. കൊല്ലം ജില്ലയിലെ ചടയമംഗലത്താണ് ജടായു നേച്ചര്‍പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. പൊതുസ്വകാര്യ പങ്കാളിത്തത്തില്‍ നിര്‍മിക്കുന്ന കേരളത്തിലെ ആദ്യ വിനോദസഞ്ചാര പദ്ധതി എന്ന പ്രത്യേകതയും ജടായു പാറയ്ക്കുണ്ട്.
തലയുയര്‍ത്തി നില്ക്കുന്ന ജടായു പക്ഷിയുടെ പ്രതിമയാണ് ഉദ്യാനത്തിലെ മുഖ്യ ആകര്‍ഷണം. രാമായണത്തിലെ ജടായുവിന്റെ തനിമ ചോരാതെയാണ് ഈ പക്ഷിശില്പം ഒരുക്കിയിരിക്കുന്നത്. ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്സിലും ജടായു പക്ഷിശില്പം ഇടം നേടിയിട്ടുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും വലിയ പക്ഷിപ്രതിമയാണ് ഇത്.
സമുദ്ര നിരപ്പില്‍ നിന്നും 1200 അടി ഉയരെയാണ് ജടായു പാറ. 65 ഏക്കറോളം വിശാലതയുണ്ട് ഈ പരിസ്ഥിതി ഉദ്യാനത്തിന്. സംവിധായകനായ രാജീവ് അഞ്ചലിന്റെ നേതൃത്വത്തിലായിരുന്നു നിര്‍മാണം. സീതാദേവിയെ തട്ടിക്കൊണ്ടുപോയപ്പോള്‍ തടയാന്‍ പറന്നിറങ്ങിയ ജടായുവിന്റെ ചിറകുകള് രാവണന് അറത്തുമാറ്റിയെന്നാണ് ഐതിഹ്യമുണ്ട്. ജടായുരാവണയുദ്ധം ജടായുപ്പാറയില്‍ വെച്ചാണ് നടന്നതെന്ന വിശ്വാസവും നിലനില്ക്കുന്നു.
വെട്ടേറ്റു വീണ ജടായുവിന്റെ ഓര്‍മ്മയാണ് ഈ ശില്പം. 200 അടി നീളവും 150 അടി വീതിയും 70 അടി ഉയരവുമുണ്ട് പക്ഷിശില്‍പത്തിന്. ജടായുവിന്റെ കൂറ്റന്‍ ശില്പത്തിനുള്ളിലേക്ക് സഞ്ചാരികള്‍ക്ക് കടന്നുചെല്ലാം. പൂര്‍ണമായും ശീതീകരിച്ചതാണ് പക്ഷിയുടെ ഉള്‍വശം.
ശില്പത്തിനുള്ളില് രാമായണകഥയാണ് വിവരിച്ചിരിക്കുന്നത്. ജടായുവിന്റെ കൊക്കുവരെ സന്ദര്‍ശകര്‍ക്ക് കടന്നു ചെല്ലാന്‍ സാധിക്കും. പക്ഷിയുടെ കണ്ണിലൂടെ പുറത്തെ കാഴ്ചകള്‍ കണ്ട് ആസ്വദിക്കാന്‍ സാധിക്കും. വലതു കണ്ണിലൂടെ അറബിക്കടലാണ് ദൃശ്യമാകുക. ഇടതു കണ്ണിലൂടെ നോക്കിയാല്‍ സമീപ പ്രദേശത്തെ കാഴ്ചകള്‍ കാണാം. രാവണ-ജടായു യുദ്ധത്തിന്റെ 6ഡി തിയേറ്റര്‍ സംവിധാനവും ഇവിടെയുണ്ട്.
ചടയമംഗലത്തെ നാല് കുന്നുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് ഈ പരിസ്ഥിതി ഉദ്യാനത്തില്‍. നൂറ് കോടിയിലധികം രൂപ ചിലവാക്കിയാണ് നിര്‍മിച്ചത്. പത്ത് വര്‍ഷത്തോളമെടുത്തു നിര്‍മാണത്തിന്. പ്രകൃതിയെ സംരക്ഷിച്ചുകണ്ടുള്ളതാണ് ഈ വിനോദ പദ്ധതി എന്നതാണ് മറ്റൊരു പപ്രത്യേകത. ജടായു പാറയുടെ താഴ്-വാരങ്ങളില്‍ പച്ചപ്പ് നിറഞ്ഞു നില്ക്കുന്നു.
ഔഷധസസ്യങ്ങളുടെ കൂട്ടംതന്നെ ഇവിടെയുണ്ട്. സമീപത്തുള്ള വയലേലകളെ കൂട്ടിയിണക്കി കാര്‍ഷികമാതൃകയ്ക്കും രൂപം നല്‍കിയിട്ടുണ്ട്. പാറയില്‍ ജലമെത്തിക്കാന്‍ രണ്ട് കൂറ്റന്‍ പാറകളെ യോജിപ്പിച്ച് ചെക്ക് ഡാം നിര്‍മിച്ചിരിക്കുന്നു. മഴവെള്ളമാണ് ചെക്കു ഡാമില്‍ ശേഖരിക്കന്നത്. ഉദ്യാനത്തിലേക്ക് ആവശ്യമായ വെള്ളം ഡാമില്‍ നിന്നും ലഭിക്കുന്നുണ്ട്.
മലമുകളിലേക്ക് സഞ്ചരിക്കാന്‍ ഒരു കിലോമീറ്റര്‍ ദൂരത്തില്‍ കേബിള്‍ കാര്‍ സംവിധാനമുണ്ട്. അഡ്വഞ്ചര്‍ സോണും ജടായു പാറയുടെ ഭാഗമാണ്. 20-ഓളം വ്യത്യസ്ത വിനോദങ്ങളുണ്ട് അഡ്വഞ്ചര്‍ സോണില്‍. കേവ് ടൂറിസവുമുണ്ട് ജടായു പാറയില്‍.
പുരാതനമായ ഒരു കാലഘട്ടത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ജടായു. പ്രകൃതിയിലെ എല്ലാ ജീവജാലങ്ങളും ചേര്‍ന്ന് പുതിയൊരു ആവാസവ്യവസ്ഥ തന്നെ രൂപപ്പെടുത്തിയിട്ടുണ്ട് ഇവിടെ. സാഹസികത ഇഷ്ടപ്പെടുന്ന സഞ്ചാരികള്‍ക്ക് മികച്ച ഇടമാണ് ഇവിടം.