ഔട്ട് ഒഴിവാക്കാന്‍ ഒരേ ക്രീസിലേക്ക് മത്സരിച്ചോടുന്ന ഇന്ത്യന്‍ താരങ്ങള്‍: ക്രിക്കറ്റിലെ അപൂര്‍വ്വ കാഴ്ചകള്‍

February 25, 2020

കളിക്കളത്തില്‍ ആവേശം നിറയ്ക്കുന്ന കാഴ്ചകള്‍ക്കൊപ്പം ചില രസകരമായ കാഴ്ചകളും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ ക്രിക്കറ്റ് കളിക്കിടെ നടന്ന ഒരു അപൂര്‍വ്വ കാഴ്ചയാണ് കായികലോകത്ത് ചിരി നിറയ്ക്കുന്നത്. ഓസ്‌ട്രേലിയയില്‍ നടക്കുന്ന വനിതാ ടി-20 ലോകകപ്പിനിടെ അരങ്ങേറിയതാണ് ഈ കാഴ്ച. ഇന്ത്യയും ബംഗ്ലാദേശും തമ്മിലായിരുന്നു പോരാട്ടം. 18 റണ്‍സിന് ഇന്ത്യന്‍ പെണ്‍പുലികള്‍ വിജയം നേടുകയും ചെയ്തു.

എന്നാല്‍ മത്സരത്തിനിടെ ഔട്ടില്‍ നിന്നും രക്ഷ നേടാന്‍ ഒരേ ക്രീസിലേക്ക് മത്സരിച്ചോടുന്ന ഇന്ത്യന്‍താരങ്ങളുടെ ചിത്രമാണ് ശ്രദ്ധ നേടുന്നത്. ദീപ്തി ശര്‍മ്മയും വേദ കൃഷ്ണമൂര്‍ത്തിയുമാണ് ഈ താരങ്ങള്‍. ഇന്ത്യന്‍ ഇന്നിങ്‌സിലെ 17-ാം ഓവറിലായിരുന്നു ഈ മത്സര ഓട്ടം. എന്തായാലും വേദ കൃഷ്ണമൂര്‍ത്തിയാണ് ക്രിക്കറ്റിനിടെ നടന്ന മത്സര ഓട്ടത്തില്‍ വിജയിച്ചത്.

Read more: തളരാതെ മുന്നോട്ട്… മുന്‍കാലുകള്‍ ഇല്ല; പിന്‍കാലുകളെ ആശ്രയിച്ച് റോഡ് മറികടക്കുന്ന നായ: വൈറല്‍ വീഡിയോ

17-ാം ഓവറിലെ അഞ്ചാം പന്തിലായിരുന്നു സംഭവം. സല്‍മാന് ഖാട്ടൂന്‍ പന്തെറിഞ്ഞു. ദീപ്തി ശര്‍മ്മ പന്തിനെ തട്ടിയിട്ട ശേഷം റണ്ണിനായി ഓടി. ഒരു റണ്ണെടുത്ത ശേഷം രണ്ടാമത്തെ റണ്ണിനായി ഓടുന്നതിനിടെ താരങ്ങള്‍ക്കിടയില്‍ ചെറിയൊരു ആശയക്കുഴപ്പം ഉടലെടുത്തു. ഇതോടെ ഇരുവരും ഓരേ ക്രീസിലേക്ക് മത്സരിച്ച് ഓടുകയായിരുന്നു.

ഈ സംഭവത്തിനു പിന്നാലെ ‘ചരിത്രം ആവര്‍ത്തിക്കുന്നു’ എന്ന കുറിപ്പോടെ ഐസിസി മറ്റൊരു ചിത്രംകൂടി ട്വിറ്ററില്‍ പങ്കുവെച്ചു. അടുത്തിടെ സമാപിച്ച അണ്ടര്‍ 19 ലോകകപ്പില്‍ രണ്ട് ഇന്ത്യന്‍ താരങ്ങള്‍ സമാനമായ രീതിയില്‍ ഒരേ ക്രീസിലേക്ക് മത്സരിച്ചോടുന്ന ചിത്രമാണിത്. ഇന്ത്യ- ബംഗ്ലാദേശ് പോരാട്ടത്തില്‍ ഇന്ത്യന്‍ താരങ്ങളായ ധ്രുവ് ജുറെലും അഥര്‍വ അങ്കോലേക്കറുമാണ് ഇത്തരത്തില്‍ അന്ന് മത്സരിച്ചോടിയത്.