‘ഏഷ്യ കപ്പ് ക്രിക്കറ്റ് ദുബായിൽ; ഇന്ത്യയും പാകിസ്താനും കളിക്കും’- വ്യക്തമാക്കി സൗരവ് ഗാംഗുലി
2020 ഏഷ്യ കപ്പ് ക്രിക്കറ്റ് ദുബായിൽ നടക്കുമെന്ന് ബി സി സി ഐ അധ്യക്ഷൻ സൗരവ് ഗാംഗുലി വ്യക്തമാക്കി. ഇന്ത്യയും പാകിസ്‌താനും കളിക്കുമെന്നും ഗാംഗുലി അറിയിച്ചു. പാകിസ്താൻ ആതിഥേയത്വം വഹിക്കാനിരുന്ന ഏഷ്യ കപ്പ് മത്സരം ഇന്ത്യയുടെ വിസമ്മതം മൂലം ദുബായിലേക്ക് മാറ്റുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
മാർച്ച് മൂന്നിന് ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ യോഗം നടക്കുന്നതിന് മുന്നോടിയായാണ് സൗരവ് ഗാംഗുലി പ്രതികരണമറിയിച്ചത്. കൊൽക്കത്തയിലെ ഈഡൻ ഗാർഡനിൽ വെച്ചാണ് ഗാംഗുലി വേദി വെളിപ്പെടുത്തിയത്. മുൻപ് തന്നെ നിഷ്പക്ഷ വേദിയാണെങ്കിൽ ഏഷ്യ കപ്പ് കളിക്കുന്നതിൽ പ്രശ്നമില്ലെന്ന് ഇന്ത്യൻ ടീം വ്യക്തമാക്കിയിരുന്നു.
രണ്ടുവർഷത്തിൽ ഒരിക്കലാണ് ഏഷ്യ കപ്പ് നടക്കാറുള്ളത്. 2008ന് ശേഷം പാകിസ്താൻ ഏഷ്യ കപ്പിന് ആതിഥേയത്വം വഹിച്ചിട്ടില്ല. മാത്രമല്ല, 2012-2013 വർഷങ്ങൾക്ക് ശേഷം ഐ സി സി ടൂർണമെന്റുകൾക്കല്ലാതെ ഇന്ത്യയും പാകിസ്‌താനും നേർക്കുനേർ പോരാടിയിട്ടില്ല. ഇന്ത്യ-പാകിസ്താൻ പ്രശ്നങ്ങൾ കലുഷിതമായതാണ് കാരണം.
Read More:പ്രണയചാരുതയില്‍ കാലികപ്രസക്തമായ ഒരു പ്രണയകഥയുമായി ‘ഭൂമിയിലെ മനോഹര സ്വകാര്യം’
2016 മുതൽ ട്വന്റി20, ഏകദിന പാരമ്പരകളായി മാറി മാറിയാണ് ഏഷ്യ കപ്പ് നടത്തുന്നത്. ഇത്തവണ ട്വന്റി20 ലോകകപ്പിനായുള്ള മുന്നോടിയായി ട്വന്റി20 ആയാണ് ഏഷ്യ കപ്പ് നടക്കുക. ഏറ്റവും ഒടുവിൽ ഏഷ്യ കപ്പ് അരങ്ങേറിയത് യു എ ഇയിലാണ്.