അവിനാശിയിലെ കെ.എസ്.ആര്‍.ടി.സി ബസ് അപകടം; മരണസംഖ്യ 19-ആയി അപകടത്തില്‍പ്പെട്ടവര്‍ കൂടുതലും മലയാളികള്‍
തമിഴ്‌നാട്ടിലെ അവിനാശിയില്‍ ബംഗളൂരുവില്‍ നിന്നും എറണാകുളത്തേക്ക് വന്ന കെ.എസ്.ആര്‍.ടി.സി ബസ് അപകടത്തില്‍ പെട്ടു. കണ്ടെയ്‌നര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു ബസ്. പുലര്‍ച്ചെ മൂന്നരയ്ക്കാണ് അപകടമുണ്ടായത്. അപകടത്തില്‍ ഇതിനോടകം 19 പേര്‍ മരണപ്പെട്ടു.
ബസിന്റെ 12 സീറ്റുകളോളം ഇടിച്ചുതകര്‍ന്ന നിലയിലാണ്. 10 പേര്‍ സംഭവ സ്ഥലത്ത് വെച്ചുതന്നെ മരണപ്പെടുകയായിരുന്നു. ബസിലെ കണ്ടക്ടറും ഡ്രൈവറും മരിച്ചുവെന്നാണ് വിവരം. നിരവധി പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. പരിക്കേറ്റവര്‍ അവിനാശിയിലെ സര്‍ക്കാര്‍ ആശുപത്രിയിലും കോയമ്പത്തൂരിലെ ജില്ലാ ആശുപത്രിയിലുമാണ്. ഗുരുതരാവസ്ഥയിലാണ് പരിക്കേറ്റവരില്‍ ചിലര്‍.
പാലക്കാട്, തൃശ്ശൂര്‍, എറണാകുളം ജില്ലകളില്‍ നിന്നുള്ളവരായിരുന്നു ബസില്‍ ഏറെയും. രാവിലെ ഏഴ് മണിക്ക് കൊച്ചിയിലെത്തേണ്ട കെഎസ്ആര്‍ടിസി 784 നമ്പര്‍ ബംഗളൂരു- എറണാകുളം ബസാണ് അപകടത്തില്‍പ്പെട്ടത്. 48 യാത്രക്കാരുണ്ടായിരുന്നു ബസില്‍.
9495099910 എന്ന ഹെല്‍പ്-ലൈന്‍ നമ്പറില്‍ വിളിച്ചാല്‍ യാത്രക്കാരുടെ ബന്ധുക്കള്‍ക്ക് വിവരങ്ങള്‍ അറിയാന്‍ സാധിക്കും.