മുഖത്തിന്റെ പാതി കാന്‍സര്‍ കവര്‍ന്നിട്ടും തളര്‍ന്നില്ല, ഇത് ബില്ലിയുടെ ജീവിതം
ബില്ലി ഓവന്, ഈ പേര് വെറുതെ ഒന്ന് ഗൂഗിളില്‍ തിരഞ്ഞാല്‍ മതി, ഒരുപക്ഷെ ആദ്യം കണ്ണിലുടക്കുന്ന ചിത്രം ഒരു മനുഷ്യന് വായില്‍ക്കൂടി കൈവിരല്‍ കയറ്റി അത് കണ്ണിന്റെ സോക്കറ്റിലൂടെ പുറത്തെടുക്കുന്നതാവും. അമ്പരപ്പ് തോന്നുമെങ്കിലും ഈ ചിത്രത്തിന് ഒരുപാട് കഥകള്‍ പറയാനുണ്ട്. പലര്‍ക്കും ജീവിതവഴിയില്‍ പ്രചോദനമാകുന്ന ഒരു കഥ.
പറഞ്ഞുവരുന്നത്, ബില്ലി ഓവന് എന്ന വ്യക്തിയെക്കുറിച്ചാണ്. അമേരിക്കക്കാരനായ ബില്ലി സിനിമകളിലും ടെലിവിഷന്‍ ഷോകളിലുമെല്ലാം പ്രത്യക്ഷപ്പെടാറുണ്ട്. അതും കാഴ്ചക്കാരെ ഭയപ്പെടുത്തുന്ന തരത്തിലുള്ള പ്രേതമായും സോംബിയായുമൊക്കെ(മൃതദേഹം, വേതാളം). അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയിലും ശ്രദ്ധേയമാണ്. എന്നാല്‍ അപൂര്‍വ്വമായി തോന്നുന്ന അദ്ദേഹത്തിന്റെ ഫോട്ടോകള്‍ കാന്‍സര്‍ രോഗത്തോടുള്ള ചെറുത്തുനില്‍പ്പിന്റെ നേര്സാക്ഷ്യങ്ങളാണെന്ന് പറയാം.
മോട്ടോര്‍ സൈക്കിള്‍ മെക്കാനിക്ക് ആയിരുന്നു ബില്ലി ഓവന്. അമേരിക്കയിലെ ഒക്ലഹോമയിലായിരുന്നു താമസം. 2009-ലാണ് കാന്‍സര്‍ അദ്ദേഹത്തിന്റെ ജീവിതത്തില്‍ കരിനിഴല്‍ തീര്‍ത്തത്. തലവേദനയോടെയായിരുന്നു തുടക്കം. സൈനസൈറ്റിസ് ആണെന്ന് ഡോക്ടര്‍മാര്‍ പ്രാഥമിക പരിശോധനയില്‍ വിധിയെഴുതി. എന്നാല്‍ പിന്നീട് ശ്വസിക്കാന്‍ പോലും പ്രയാസമനുഭവപ്പെട്ടപ്പോള്‍ ബില്ലി വീണ്ടും വൈദ്യസഹായം തേടി.
നീണ്ട പരിശോധനയ്ക്ക് ഒടുവില്‍ സിനോനസല് അണ്ഡിഫറെന്ഷിയെറ്റഡ് കാര്‍സിനോമ എന്ന അവസ്ഥയാണ് ബില്ലിക്കെന്ന് കണ്ടെത്തി. മൂക്കിലെ അറയില്‍ ഉണ്ടാകുന്ന ഒരു അപൂര്‍വ്വതരം കാന്‍സര്‍ ആണിത്. രോഗം കണ്ടെത്താന്‍ വൈകിയതുകൊണ്ടുതന്നെ ഗുരുതരാവസ്ഥയിലെത്തിയിരുന്നു ബില്ലി.
അതിജീവിക്കാന്‍ ഡോക്ടര്‍മാര്‍ ബില്ലിയുടെ മുഖത്തിന്റെ പകുതി നീക്കം ചെയ്തു. ഒപ്പം വലതു കണ്ണും നാസികദ്വാരവും ബില്ലിക്ക് നഷ്ടപ്പെട്ടു. ഇപ്പോള്‍ ഇയാളുടെ മുഖത്തിന്റെ ഒരുവശത്ത് വലിയൊരു ദ്വാരം മാത്രമാണുള്ളത്.
Read more: മനമറിയുന്നോള്… പിന്നെ ഉയിരില്‍ തൊടും…; ജോജുവിന്റെ മക്കള്‍ പാടുമ്പോള്‍: വീഡിയോ
വളരെ കുറച്ച് ഗന്ധങ്ങള്‍ മാത്രമെ ബില്ലിക്ക് നിലവില്‍ തിരിച്ചറിയാന്‍ സാധിക്കൂ. ഒരു കണ്ണ് നഷ്ടപ്പെട്ടതുകൊണ്ടുതന്നെ കാഴ്ചയും പരിപൂര്‍ണ്ണമല്ല. അതിനാല്‍ മെക്കാനിക്കല്‍ ജോലി അദ്ദേഹത്തിന് ഉപേക്ഷിക്കേണ്ടിവന്നു. എന്നാല്‍ അസുഖത്തെ ഭയന്ന് ഒരു മുറിക്കുള്ളില്‍ ഒതുങ്ങാന്‍ തയ്യാറായിരുന്നില്ല ബില്ലി. തന്റെ രോഗാവസ്ഥയെ ഒരു അനുഗ്രഹമാക്കി മാറ്റുകയായി പിന്നീട് അദ്ദേഹത്തിന്റെ ലക്ഷ്യം.
അങ്ങനെ അഭിനയരംഗത്തേക്ക് ചുവടുവെച്ചു ബില്ലി. മ്യൂസിക് വീഡിയോകളിലും സിനിമകളിലും പ്രത്യക്ഷപ്പെട്ടു. സോംബിയായും പ്രേതമായുമെല്ലാം ബില്ലി സ്ക്രീനില്‍ അഭിനയിച്ചു, അതിമനോഹരമായി. അനേകം വേദികളിലും പരിപാടികളിലും ബില്ലി ഇന്ന് പങ്കെടുക്കാറുണ്ട്. എല്ലാവരോടും തന്റെ കഥയും പറയുന്നു. ആദ്യ കാഴ്ചയില്‍ ഭയം തോന്നുമെങ്കിലും ബില്ലിയുടെ കഥ കേള്‍ക്കുമ്പോള്‍ പ്രേക്ഷകര്‍ അദ്ദേഹത്തിന് നിറഞ്ഞ കൈയടി നല്‍കാറാണ് പതിവ്. കാഴ്ചക്കാരില്‍ ഭയം ഉണ്ടാകാതിരിക്കാന്‍ ബില്ലി പലപ്പോഴും കൃത്രിമമായ ഒരു കണ്ണിന്റെ രൂപം മുഖത്ത് ചേര്‍ത്തുവയ്ക്കാറുണ്ട്.