മലനിരകളിൽ മഴവിൽ മേഘങ്ങൾ; അപൂർവ്വ പ്രതിഭാസത്തിന് പിന്നിലെ കാരണമിതാണ്
മലനിരകൾക്ക് മുകളിലൂടെയുള്ള മഴവില്ലുകൾ കണ്ണിനും മനസ്സിനും കുളിർമയേകുന്ന കാഴ്ചകളാണ്. ഇത്തരത്തിൽ മനോഹരമായ കാഴ്ചകൾ സമ്മാനിക്കുകയാണ് സൈബീരിയയിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ ബലൂഖ. മലനിരകൾക്ക് മുകളിലെ മഞ്ഞുപാളികളിലാണ് മനോഹരമായ മഴവിൽ വർണ്ണങ്ങൾ വിരിഞ്ഞത്.
മലമുകളിൽ പ്രകൃതി ആസ്വദിക്കാൻ എത്തിയ സ്വെറ്റ്ലാന കാസിന എന്ന ഫോട്ടോഗ്രാഫറാണ് ഈ മനോഹരമായ ദൃശങ്ങൾ ആദ്യം കണ്ടത്. ഉടൻ തന്നെ അദ്ദേഹം തന്റെ കാമറയിൽ ഇത് പകർത്തി. സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ട ഈ ചിത്രങ്ങൾക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചതും.
അതേസമയം സൂര്യന് വളരെ അടുത്തായി വളരെ ഉയരത്തിൽ രൂപപ്പെട്ട മേഘങ്ങളിൽ സൂര്യപ്രകാശം ഏറ്റതാണ് ഇത്തരത്തിൽ മേഘങ്ങളിൽ മഴവിൽ വർണ്ണങ്ങൾ ഉണ്ടാകാൻ കാരണമെന്നാണ് കാസിന പറയുന്നത്.
പൊതുവെ സൂര്യനോ ചന്ദ്രനോ അടുത്ത് നിൽക്കുന്ന മേഘങ്ങളിലാണ് ഈ പ്രതിഭാസം ഉണ്ടാകുന്നത്. സാധാരണ മഴവില്ലുകൾ ഉണ്ടാകുന്നതുപോലെ തന്നെയാണ് മേഘങ്ങളിലെ മഴവില്ലുകളും. അതേസമയം മേഘങ്ങൾ വളരെ ഉയരത്തിൽ ആയതിനാൽ ഇവയിൽ മഞ്ഞുകണങ്ങളും ഈർപ്പവും കൂടുതലായി കാണുന്നുണ്ട്. ഇവയിൽ പ്രതിഫലിക്കുന്ന സൂര്യപ്രകാശത്തിനനുസരിച്ചാണ് മേഘങ്ങളിൽ നിറംമാറ്റം സംഭവിക്കുന്നത്. കഴിഞ്ഞ ഡിസംബറിലാണ് കാസിന ഈ ചിത്രങ്ങൾ പകർത്തിയത്.