വിട്ടൊഴിയാതെ കൊറോണ ഭീതി; ചൈനയില്‍ 20,000 കടന്ന് വൈറസ് ബാധ

February 4, 2020
Covid 19 worldwide updates

കുറച്ചു ദിവസങ്ങളായി കൊറോണ ഭീതിയിലാണ് ലോകം. കൊറോണ വൈറസ് ബാധയേറ്റ് മരണപ്പെടുന്നവരുടെ എണ്ണവും ഉയരുന്നു. ചൈനയില്‍ മാത്രമായി വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 425 ആയി. 20,400 പേര്‍ക്ക് ഇതിനോടകം കൊറോണ വൈറസ് ബാധയേറ്റതായി ചൈനീസ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 20,000 ത്തിലധികം ആളുകള്‍ക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.

അതേസമയം കേരളത്തില്‍ കൊറോണ വൈറസ് ബാധ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. പതിനാല് ജില്ലകളിലും പ്രത്യേക ജാഗ്രത സമിതിയും രൂപീകരിച്ചിട്ടുണ്ട്. നിലവില്‍ സംസ്ഥാനത്ത് മൂന്നു പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. മൂന്നു പേരുടെയും ആരോഗ്യനില തൃപ്തികരമാണ്. അതേസമയം ചൈനയില്‍ നിന്നും വന്ന ശേഷം സര്‍ക്കാരിനെ അറിയിക്കാതെ പുറത്തിറങ്ങി നടക്കുന്നതു കുറ്റകൃത്യമായി കണക്കാക്കി നടപടി എടുക്കേണ്ടിവരുമെന്നും ആരോഗ്യ മന്ത്രി ഓര്‍മ്മപ്പെടുത്തി.

രോഗബാധിത പ്രദേശങ്ങളില്‍ നിന്നും വന്നവരെ കണ്ടെത്താന്‍ വിമാനത്താവളങ്ങളിലും മറ്റും മികച്ച സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. രോഗം ബാധിച്ചയുടന്‍ ജീവന്‍ അപകടത്തിലാകുന്ന വിധം മാരകമല്ല കൊറോണ വൈറസ്. നന്നായി വിശ്രമിച്ച് ഐസലേഷന്‍ നിരീക്ഷണം കഴിഞ്ഞാല്‍ ആരോഗ്യം വീണ്ടെടുക്കാം. അതുവഴി മറ്റുള്ളവരിലേക്ക് വൈറസ് ബാധ പകരുന്നത് തടയാന്‍ സാധിക്കുമെന്നും ആരോഗ്യ മന്ത്രി കെ കെ ശൈലജ പറഞ്ഞു.