കൊറോണ വൈറസ്: ചൈനയില്‍ മരണം 600 കടന്നു
ലോകത്ത് കൊറോണ വൈറസിന്റെ ഭീതി വിട്ടൊഴിയുന്നില്ല. നോവല്‍ കോറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 636 ആയി. ഇന്നലെ മാത്രം 73 മരണങ്ങളാണ് ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്നലെ പുതുതായി 3143 പേര്‍ക്കുകൂടി വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 31,161 ആയി.
അതേസമയം കേരളത്തില്‍ മൂന്ന് പേര്‍ക്കാണ് ഇതുവരെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു. കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും സംസ്ഥാനത്ത് ജാഗ്രത തുടരാനാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം.
കൊറോണ വൈറസുമായി ബന്ധപ്പെട്ട് 2826 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 2743 പേര്‍ വീടുകളിലും 83 പേര്‍ ആശുപത്രികളിലുമാണ്.
പനി, ചുമ, ശ്വാസതടസം, ജലദോഷം, ക്ഷീണം എന്നിവയാണ് കൊറോണ വൈറസ് ബാധിച്ചാല്‍ ആദ്യ ഘട്ടത്തില്‍ ഉണ്ടാകുന്ന രോഗലക്ഷണങ്ങള്‍, ന്യൂമോണിയ ബാധിക്കാനും സാധ്യതയുണ്ട്. വൈറസ് ശരീരത്തില്‍ കടന്നുകഴിഞ്ഞ് ഏകദേശം പത്ത് ദിവസങ്ങള്‍ക്ക് ശേഷം മാത്രമേ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങൂ. 56 ദിവസം വരെയാണ് ഇന്‍ക്യൂബേഷന്‍ പീരീഡ്.
മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്കും, മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്കും രോഗം പടരും. രോഗി തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുക വഴിയാണ് വൈറസ് മറ്റുള്ളവരിലേക്ക് പടരുന്നത്.