ഡല്‍ഹിയില്‍ വീണ്ടും ആംആദ്മി അധികാരത്തിലേക്ക്; നില മെച്ചപ്പെടുത്തി ബിജെപി, ഒന്നും നേടാനാകാതെ കോണ്‍ഗ്രസ്
ഡല്‍ഹിയില്‍ ഭരണത്തുടര്‍ച്ച ഉറപ്പാക്കി ആംആദ്മി പാര്‍ട്ടി(എഎപി). വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് ആംആദ്മി വീണ്ടും അധികാരത്തിലേക്കെത്തുന്നത്. വോട്ടെണ്ണല്‍ അന്തിമ ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ 59 സീറ്റുകളില്‍ ആംആദ്മി പാര്‍ട്ടിയാണ് മുന്നില്‍. 11 സീറ്റുകളില്‍ ബിജെപിയും. എന്നാല്‍ ഒരു സീറ്റില്‍പോലും ലീഡ് ചെയ്യാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് സാധിച്ചില്ല. ഇത്തവണത്തെ വോട്ടെടുപ്പില്‍ 62.59% ആണ് പോളിങ്.
അതേസമയം 2015-ലെ തെരഞ്ഞെടുപ്പിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തുമ്പോള്‍ നില മെച്ചപ്പെടുത്താന്‍ ബിജെപിക്ക് സാധിച്ചിട്ടുണ്ട്. 2015-ലെ തെരഞ്ഞെടുപ്പില്‍ 70 ല്‍ 67 സീറ്റും നേടിക്കൊണ്ടാണ് എഎപി പാര്‍ട്ടി അധികാരത്തിലെത്തിയത്. കഴിഞ്ഞ തവണ കോണ്‍ഗ്രസ് ഒരു സീറ്റില്‍ പോലും ജയിച്ചില്ല. എന്നാല്‍ കഴിഞ്ഞ തവണ മൂന്ന് സീറ്റുകള്‍ നേടിയ ബിജെപിക്ക് ഇത്തവണ ലീഡ് നില ഉയര്‍ത്താന്‍ സാധിച്ചിട്ടുണ്ട്.
2014-ല്‍ ഫെബ്രുവരിയില്‍ ആംആദ്മി പാര്‍ട്ടിയുടെ ആദ്യ സര്‍ക്കാര്‍ ഡല്‍ഹിയില്‍ രാജിവെച്ചപ്പോള്‍ അന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ ഉറക്കെ പ്രഖ്യാപിച്ചത് ‘ഞങ്ങള്‍ മടങ്ങി വരും’ എന്നാണ്. കൃത്യം ഒരു വര്‍ഷത്തിന് ശേഷം മികച്ച ഭൂരിപക്ഷത്തോടെ എഎപി അധികാരത്തിലെത്തുകയും ചെയ്തു. ഇത്തവണ മൂന്നാം അങ്കത്തിന് ഇറങ്ങിയപ്പോഴും എഎപിക്ക് കാലിടറിയില്ല.
വികസനത്തിന് മുന്‍തൂക്കം നല്‍കി അഴിമതിവിരുദ്ധ മുന്നേറ്റത്തിലൂടെ അരവിന്ദ് കേജ്‌രിവാളും കൂട്ടരും ഇരുപ്പുറപ്പിച്ചത് ഡല്‍ഹിയിലെ ജനഹൃദയങ്ങളില്‍തന്നെയാണ്. ഇത് വ്യക്തമാക്കുന്നതാണ് പുറത്തുവന്നുകൊണ്ടിരിക്കുന്ന ഡല്‍ഹി തെരഞ്ഞെടുപ്പ് ഫലവും.