ഉള്ളിൽ കാടും തടാകവും ഒളിപ്പിച്ച് ലോകത്തിലെ ഏറ്റവും സുന്ദരമായ നിഗൂഢ ഗുഹ; വീഡിയോ
ടെക്നോളജിയുടെയും യന്ത്രങ്ങളുടേയുമെല്ലാം കടന്നു വരവോടെ ലോകം പിടിച്ചടക്കാൻ മനുഷ്യൻ നെട്ടോട്ടമോടുകയാണ്. പുതിയ കണ്ടുപിടിത്തങ്ങളും പുതിയ ഗവേഷണങ്ങളുമായി ആളുകൾ ലോകം മുഴുവൻ ചുറ്റിയപ്പോൾ ഉള്ളിൽ ഒരു അത്ഭുത ലോകം തന്നെ ഒളിപ്പിച്ച് മറഞ്ഞിരിക്കുകയായിരുന്നു ഒരു നിഗൂഢ ഗുഹ.
വിയറ്റ്നാമിലെ കാടിന് നടുവിലാണ് ഹാങ് സൺ ദൂങ് എന്ന ഗുഹ സ്ഥിതി ചെയ്യുന്നത്. 1990ൽ കൊടുങ്കാറ്റിൽ നിന്നും രക്ഷനേടാൻ ഹൊ കാൻഹ് എന്നയാൾ ഒരു പാറക്കൂട്ടത്തിനിടയിൽ കയറി നിന്നു. അപ്പോഴാണ് പുറകിലുള്ള പാറക്കൂട്ടത്തിനിടയിലെ വിടവിൽ നിന്നും നനുത്ത മേഘങ്ങൾ പുറത്തേക്ക് വരുന്നത് കണ്ടത്. അന്ന് എന്താണ് ആ മേഘങ്ങളുടെ രഹസ്യമെന്ന് അറിയാൻ തുനിയാതെ മടങ്ങിയ ഹൊ, പതിനെട്ട് വർഷങ്ങൾക്ക് ശേഷം അതെ സ്ഥലത്ത് എത്തി.
ഗുഹയെക്കുറിച്ച് പഠിക്കാൻ ബ്രിട്ടീഷ് കേവ് റിസേർച്ച് അസോസിയേഷനിൽ നിന്നുള്ള ഗവേഷകർക്ക് വഴികാട്ടിയായയാണ് ഹൊ അവിടെ വീണ്ടുമെത്തിയത്. ആ ഗവേഷകരാണ് അതൊരു ഗുഹയായിരുന്നുവെന്ന് കണ്ടെത്തിയത്. മറ്റൊരു കൗതുകകരമായ വസ്തുതയും അവർ കണ്ടെത്തി. ഇത് ലോകത്തെ ഏറ്റവും വലിയ ഗുഹയുമാണ്.
2009ലാണ് ഗുഹ കണ്ടെത്തുന്നത്. 200 മീറ്റർ ഉയരവും 175 മീറ്റർ വീതിയുമാണ് ഗുഹയ്ക്കുള്ളത്. ചിലയിടങ്ങളിൽ 503 മീറ്റർ വരെ ഉയരമുണ്ട്. 9.4 കിലോമീറ്റർ നീളത്തിലാണ് ഈ ഗുഹ വ്യാപിച്ച് കിടക്കുന്നത്.
മനോഹരമായ തടാകങ്ങളും 50 മീറ്റർ ഉയരത്തിലുള്ള ഒട്ടേറെ മരങ്ങളും സൂര്യപ്രകാശത്തിന്റെ കണികകൾ പതിക്കുന്ന ഇടങ്ങളും ഗുഹയിലുണ്ട്. ഗവേഷണത്തിന് നേതൃത്വം നൽകിയ ലിമ്പോർട്ട് പറയുന്നത് ഇതിലും മനോഹരമായ ഒരു സ്ഥലം ഭൂമിയിൽ ഉണ്ടാകില്ല എന്നാണ്.
ഗുഹയുടെ പ്രത്യേകത അനുസരിച്ചാണ് ഇതിനുള്ളിൽ മേഘങ്ങൾ രൂപപ്പെടുന്നത്. ഭംഗിയാണെങ്കിലും ചില സമയം ഈ മേഘങ്ങൾ ഗുഹാകാഴ്ചകൾക്ക് തടസം സൃഷ്ടിക്കാറുണ്ട്. 100ൽ അധികം തവണ ഈ ഗുഹയിൽ എത്തിയിട്ടുണ്ടെങ്കിലും ഇതുവരെ പൂർണമായും ഭംഗി ആസ്വദിക്കാൻ സാധിച്ചിട്ടില്ലെന്നും ലിമ്പോർട്ട് പറയുന്നു.
വന്നെത്താനുള്ള പ്രയാസമാണ് ഈ സ്ഥലം 2009 വരെ അജ്ഞാതമായി കിടന്നതിന് കാരണം. ഇന്നുവരെ മനുഷ്യ സാന്നിധ്യമുണ്ടായിട്ടില്ലെന്നും ഉറപ്പാണ്. ഗുഹ സന്ദർശിക്കാൻ വർഷത്തിൽ ഒരിക്കൽ ആളുകൾക്ക് അനുവാദമുണ്ട്. പക്ഷെ ആയിരം ആളുകൾക്ക് മാത്രമാണ് പ്രവേശനം.
മനോഹര കാഴ്ചകൾക്കൊപ്പം ജീവജാലങ്ങളും ഗുഹയ്ക്കുള്ളിലുണ്ട്. പാമ്പ്, കുരങ്ങ്, തേള്, തുടങ്ങി ഒട്ടേറെ ജീവികൾ ഗുഹയുടെ ഭാഗമാണ്. പക്ഷെ ഒരു പ്രത്യേകതയെന്തെന്നാൽ വെളിച്ചമില്ലാത്ത ഗുഹയിൽ കഴിയുന്നതിനാൽ ഈ ജീവികൾക്കെല്ലാം വെളുത്ത നിറവുമാണ് , കണ്ണിനു കാഴ്ചയുമില്ല താനും.