സംഗീത ലോകത്തെ സൂര്യകിരീടം ഗിരീഷ് പുത്തഞ്ചേരിയുടെ ഓർമ്മകളിലൂടെ

നിത്യസംഗീതത്തിന്റെ അനശ്വര പ്രതീകം ഗിരീഷ് പുത്തഞ്ചേരി… കാലാന്തരങ്ങള്‍ക്കപ്പുറവും മുഴങ്ങി കേൾക്കും ഈ അത്ഭുത പ്രതിഭയുടെ തൂലികയിൽ വിരിഞ്ഞ അനശ്വര ഗാനങ്ങൾ…
ചില ഗാനങ്ങൾ എത്രകേട്ടാലും മതിവരില്ല. വീണ്ടും വീണ്ടും കേട്ടുകൊണ്ടിരിക്കാൻ തോന്നും… അത്രമേൽ മനോഹരമായിരിക്കും അതിലെ ഓരോ വരികളും. ഒരുപിടി മികച്ച ഗാനങ്ങൾ മലയാളികൾക്ക് സമ്മാനിച്ച കലാപ്രതിഭ ഗിരീഷ് പുത്തഞ്ചേരി ഓർമ്മയായിട്ട് ഇന്ന് പത്ത് വർഷങ്ങൾ… സംഗീതലോകത്ത് മറ്റാർക്കും പകരം വയ്ക്കാൻ കഴിയാത്ത ഈ കലാകാരന്റെ തൂലികയിൽ വിരിഞ്ഞ ഗാനങ്ങൾ എന്നും സംഗീത പ്രേമികളുടെ ഹൃദയങ്ങൾ കീഴടക്കിയിരുന്നു.
ജീവിതയാത്രയിലെ ഓരോ ജീവിതാനുഭവവും പാട്ടായും കവിതയായും നമുക്ക് നൽകുകയായിരുന്നു ഗിരീഷ് പുത്തഞ്ചേരി എന്ന കലാപ്രതിഭ. ലളിതസുന്ദരമായ പദാവലിയില്‍ ഇതള്‍വിരിഞ്ഞ ശുദ്ധമായ പ്രണയസംഗീതവും, വിരഹ ഗാനവും വിപ്ലവ ഗാനങ്ങളുമെല്ലാം അദ്ദേഹത്തിന്റെ തൂലികയിൽ വിരിഞ്ഞു..
ശുദ്ധമായ പ്രണയമാണ് അദ്ദേഹത്തിന്റെ പാട്ടുകളിൽ നിറഞ്ഞുനിന്നത്. ‘പിന്നെയും പിന്നെയും..’ (കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്), ‘എത്രയോ ജന്മമായി നിന്നെ ഞാന്‍..’ (സമ്മര്‍ ഇന്‍ ബെത്ലഹേം), ‘അറിയാതെ അറിയാതെ..’ (രാവണപ്രഭു), ‘ആരോ വിരൽ മീട്ടി…’ (പ്രണയവർണ്ണങ്ങൾ), ‘നിലാവിന്റെ നീലഭസ്മക്കുറിയണിഞ്ഞവളേ…’ (അഗ്നിദേവൻ), ‘എന്റെ എല്ലാമെല്ലാമല്ലെ..’ (മീശമാധവന്) തുടങ്ങിയ എവര്‍ഗ്രീന്‍ ഹിറ്റുകള്‍ മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയില്ല, അത്രമേൽ സുന്ദരമാണ് ആ മനോഹര ഗാനങ്ങൾ..
മലയാളത്തിന് ഒരുപിടി മികച്ച ഗാനങ്ങൾ സമ്മാനിച്ച അദ്ദേഹം മലയാളത്തിലെ ജനപ്രിയ ചലച്ചിത്രഗാന രചയിതാവ് മാത്രമല്ല കവിയും തിരക്കഥാകൃത്തുമൊക്കെയായിരുന്നു.
പഠനകാലത്ത് കോഴിക്കോട് ആകാശവാണിക്ക് വേണ്ടി ലളിത ഗാനങ്ങൾ എഴുതിക്കൊണ്ട് ഗാനരചനയിൽ ചുവടുവെച്ച അദ്ദേഹം, കാസറ്റ് കമ്പനികൾക്ക് വേണ്ടി നിരവധി ഗാനങ്ങൾ എഴുതി. “എങ്ക്വയറി” എന്ന ചിത്രത്തിലെ ഗാനങ്ങൾ എഴുതിയാണ് ചലച്ചിത്ര ഗാനരചനാ രംഗത്തേക്ക് ചുവടുവയ്ക്കുന്നത്.
344 സിനിമകളിലായി 1599-ലേറെ ഗാനങ്ങൾ അദ്ദേഹത്തിന്റെ തൂലികയിൽ വിരിഞ്ഞു. 7 തവണ സംസ്ഥാന സർക്കാറിന്റെ ഏറ്റവും മികച്ച ചലച്ചിത്ര ഗാനരചയിതാവിനുള്ള അവാർഡ് അദ്ദേഹത്തെ തേടിയെത്തി.
2010 ഫെബ്രുവരി 10 ന് സംഗീത ലോകത്തെ മുഴുവൻ ഞെട്ടിച്ചുകൊണ്ട് അദ്ദേഹം മറ്റൊരു ലോകത്തേക്ക് യാത്രയായി…