ചൂടുകാലത്തെ ക്ഷീണമകറ്റാന്‍ ശീലമാക്കാം ഈ ജ്യൂസുകള്‍
പുറത്തിറങ്ങിയാല്‍ എങ്ങും നല്ല കനത്ത ചൂട് തന്നെ. ചൂടുകാലത്ത് പെട്ടെന്ന് ക്ഷീണിക്കുന്നവരും തളര്‍ച്ച അനുഭവപ്പെടുന്നവരും നിരവധിയാണ്. ധാരാളം വെള്ളം കുടിക്കുന്നത് നല്ലതാണെന്ന അറിവുണ്ടെങ്കിലും പലരും ഇതിന് തയാറാകാറില്ല. ഭക്ഷണക്രമം കൊണ്ട് ഒരു പരിധി വരെ ഈ തളര്‍ച്ചയെ അകറ്റി നിര്‍ത്താം. ചൂടുകാലത്തുണ്ടാകുന്ന ക്ഷീണത്തെ അകറ്റാന്‍ സഹായിക്കുന്ന കുറച്ചു ജ്യൂസുകള്‍ പരിചയപ്പെടാം.
ഇളനീര്‍ ജ്യൂസ്– നമ്മുടെ സംസ്ഥാനം അറിയപ്പെടുന്നതുപോലും കേരം തിങ്ങിയ നാടെന്നാണ്. കേരളത്തിന്റെ സ്വന്തം ഫലമാണ് കരിക്ക്. കരിക്ക് കൊണ്ടുള്ള വിവിധ വിഭവങ്ങളും ഇന്ന് വിപണികളില്‍ സജീവമാണ്. ആന്റീ ഓക്‌സിഡന്റുകള്‍ ധാരളമടങ്ങിയിട്ടുണ്ട് കരിക്കിന്‍ ജ്യൂസില്‍. ഇത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ധാതുക്കളാല്‍ സമ്പന്നമായ കരിക്കിന്‍ വെള്ളവും ചൂടുകാലത്ത് നല്ലതുതന്നെ.
കാരറ്റ് ജ്യൂസ്– ആരോഗ്യ ഗുണങ്ങളുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് കാരറ്റ് ജ്യൂസ്. വിപണികളിലും ഇന്ന് കാരറ്റ് ജ്യൂസ് ധാരളമായി ലഭിക്കാറുണ്ട്. ധാരാളം വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട് കാരറ്റില്‍. പല രോഗങ്ങളെയും പ്രതിരോധിക്കാനും കാരറ്റ് ജ്യൂസ് സഹായിക്കാറുണ്ട്. ചൂടുമൂലം കണ്ണുകള്‍ക്കുണ്ടാകുന്ന ക്ഷീണത്തിന് ഉത്തമ പരിഹാരമാണ് കാരറ്റ് ജ്യൂസ്.
നെല്ലിക്ക ജ്യൂസ്– ആദ്യം കയ്ക്കും പിന്നെ മധുരിക്കും എന്നാണല്ലോ നെല്ലിക്കയെക്കുറിച്ച് പൊതുവെ പറയാറ്. സംഗതി സത്യമാണ്. കാഴ്ചയ്ക്ക് കുഞ്ഞനാണെങ്കിലും ഈ നെല്ലിക്ക അത്ര നിസാരക്കാരനല്ല. വിറ്റാമിന്‍ സി ധാരാളമുണ്ട് നെല്ലിക്കയില്‍. ദിവസേന ഒരു ഗ്ലാസ് നെല്ലിക്ക ജ്യൂസ് പതിവാക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. കൊടും ചൂടില്‍ ക്ഷീണം അകറ്റാന്‍ അത്യുത്തമമാണ് നെല്ലിക്ക ജ്യൂസ്. കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും നെല്ലിക്ക ജ്യൂസ് സഹായിക്കുന്നു. ദേഹത്തിനും ദാഹത്തിനും ഏറെ നല്ലതാണ് ഈ ജ്യൂസ് എന്ന് ചുരുക്കം.
പപ്പായ ജ്യൂസ്– സൗന്ദര്യകാര്യത്തില്‍ മാത്രമല്ല ആരോഗ്യകാര്യത്തിലും പപ്പായക്കുള്ള ഗുണങ്ങള്‍ ചെറുതല്ല. പപ്പായയിലും ധാരളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ചൂടുമുലം അനുഭവപ്പെടുന്ന ക്ഷീണത്തിന് ഒരു പരിധി വരെ പരിഹാരം കാണാന്‍ പപ്പായ ജ്യൂസ് ശീലമാക്കുന്നതും നല്ലതാണ്. ധാരാളം ഫൈബറുകളും പപ്പായയില്‍ അടങ്ങിയിട്ടുണ്ട്. രക്തസമ്മര്‍ദ്ദത്തെ കൃത്യമാക്കുന്നതിനും പപ്പായ ജ്യൂസ് സഹായിക്കുന്നു.
ഇതിനുപുറമെ തണ്ണിമത്തന്‍ ജ്യൂസും കുക്കുമ്പര്‍ ജ്യൂസുമെല്ലാം ചൂടുകാലത്തെ ക്ഷീണത്തില്‍ നിന്നും രക്ഷ നേടാന്‍ സഹായിക്കും. ധാരാളം ജലാംശം അടങ്ങിയിട്ടുണ്ട് തണ്ണിമത്തനിലും കുക്കുമ്പറിലുമെല്ലാം. കനത്ത ചൂടുമൂലം നേരിടേണ്ടി വരുന്ന ക്ഷീണത്തിനു ഒരു പരിധി വരെ പരിഹാരം നല്‍കാന്‍ ഈ പാനിയങ്ങള്‍ക്കാകും.