നൂറ് അടിച്ച് കെ എല്‍ രാഹുല്‍ ന്യൂസീലന്‍ഡിന്‍റെ വിജയലക്ഷ്യം 297 റണ്‍സ്
ഇന്ത്യ-ന്യൂസീലന്‍ഡ് ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ന്യൂസിലന്‍ഡിന്‍റെ വിജയലക്ഷ്യം 297 റണ്‍സ്. ഇന്ത്യന്‍ താരം കെ എല്‍ രാഹുലിന്‍റെ സെഞ്ചുറി മികവാണ് ഇന്ത്യയെ മികച്ച സ്കോറിലേക്കെത്തിച്ചത്. 113 പന്തുകളില്‍ നിന്നായി 112 റണ്‍സാണ് കെ എല്‍ രാഹുല്‍ അടിച്ചെടുത്തത്.
മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ഇന്ത്യയെ പരാജയപ്പെടുത്തി ന്യൂസീലന്‍ഡ് ഇതിനോടകംതന്നെ പരമ്പര സ്വന്തമാക്കി. അതുകൊണ്ടുതന്നെ ആശ്വാസജയം തേടിയാണ് ഇന്ത്യ മൂന്നാം മത്സരത്തില്‍ കളത്തിലിറങ്ങിയിരിക്കുന്നത്. ബാറ്റിങ്ങിലേതുപോലെ ബൗളിങ്ങിലും മികച്ച പ്രകടനം പുറത്തെടുത്താല്‍ ഏകദിന പരമ്പരയില്‍ ഇന്ത്യയ്ക്ക് ആശ്വാസ ജയം നേടാം.
ടോസ് നേടിയ ന്യൂസീലന്‍ഡ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇതോടെ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ മികച്ച പ്രകടനമാണ് കാഴ്ചവെച്ചതും. 63 പന്തുകളില്‍ നിന്നായി 62 റണ്‍സ് നേടിയ ശേഷമാണ് ശ്രേയസ് അയ്യര്‍ കളം വിട്ടത്. പൃഥ്വി ഷായും മായങ്ക് അഗര്‍വാളുമായിരുന്നു ഇന്ത്യയുടെ ഓപ്പണര്‍മാര്‍. 42 പന്തുകളില്‍ നിന്നുമായി പൃഥ്വി ഷാ 40 റണ്‍സ് നേടി. എന്നാല്‍ ഒരു റണ്‍ മാത്രമാണ് മൂന്നാം അങ്കത്തില്‍ മായങ്ക് അഗര്‍വാള്‍ നേടിയത്. മൂന്നാമതായി ഇറങ്ങിയ ഇന്ത്യന്‍ നായകന്‍ വിരാട് കോലി 9 റണ്‍സ് എടുത്ത് കളം വിട്ടു. ഇന്ത്യയ്ക്കായി 42 റണ്‍സ് മനീഷ് പാണ്ഡെയും അടിച്ചെടുത്തു.