സുരക്ഷാ ജീവനക്കാരിക്കൊപ്പം നൃത്തച്ചുവടുകളുമായി ഇന്ത്യൻ താരം; വൈറൽ വീഡിയോ

February 28, 2020

ക്രിക്കറ്റ് താരങ്ങൾക്ക് പൊതുവെ ആരാധകർ ഏറെയാണ്. താരങ്ങളുടെ ഓരോ വിശേഷങ്ങളെയും ഏറെ ആവേശത്തോടെയാണ് ആരാധകർ സ്വീകരിക്കാറുള്ളതും. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളുടെ കൈയടി നേടുകയാണ് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിലെ മിന്നും താരം ജെമീമ റോഡ്രിഗസ്. സുരക്ഷാ ജീവനക്കാരിക്കൊപ്പം നൃത്തം ചെയ്യുന്ന താരത്തിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

കഴിഞ്ഞ ദിവസം നടന്ന വനിതകളുടെ 20 ട്വന്റി ലോകകപ്പ് മത്സരത്തിന് പോകുന്നതിന് മുമ്പാണ് താരം സുരക്ഷാ ജീവനക്കാരിക്കൊപ്പം നൃത്തച്ചുവടുകൾ വെച്ചത്. ഐ സി സിയാണ് ഇരുവരുടെയും നൃത്തത്തിന്റെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സ്റ്റേഡിയത്തിന്റെ ഇടനാഴിയിൽ വെച്ചാണ് ഇരുവരുംചേർന്ന് ഡാൻസ് ചെയ്തത്.

ഇരുവരുടെയും ഡാൻസ് കണ്ട് ആസ്വദിക്കുന്ന മറ്റ് ഉദ്യോഗസ്ഥരെയും വീഡിയോയിൽ കാണുന്നുണ്ട്. സുരക്ഷാ ജീവനക്കാരിക്കൊപ്പം ചുവടുകൾവയ്ക്കുന്ന ജെമീമ ഇത്ര സിംപിൾ ആണോയെന്ന് ചോദിക്കുകയാണ് കാഴ്ചക്കാരും.

അതേസമയം കഴിഞ്ഞ കളിയിൽ മികച്ച വിജയമാണ് ഇന്ത്യൻ ടീം നേടിയത്. ന്യൂസീലൻഡിനെ നാലു റൺസിന് തോൽപ്പിച്ചാണ് ഇന്ത്യ വിജയം നേടിയത്. ഇതോടെ ടീം സെമിയിൽ സ്ഥാനം ഉറപ്പിച്ചു. 34 പന്തിൽ നിന്നും മൂന്ന് സിക്‌സും നാലു ഫോറുമടക്കം 46 റൺസ് നേടിയ ഷഫാലി വർമ്മയാണ് കളിയിലെ ടോപ് സ്‌കോറർ. ന്യൂസീലന്‍ഡിനെതിരെ ടോസ് നഷ്ടപ്പെട്ട ഇന്ത്യ ബാറ്റിങിന് ഇറങ്ങുകയായിരുന്നു. നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സ് അടിച്ചെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലന്‍ഡിന് നിശ്ചിത ഓവറില്‍ 129 റണ്‍സാണ് നേടാനായത്.