സംസ്ഥാനത്ത് വീണ്ടും കൊറോണ വൈറസ്; കാസർഗോഡ് സ്വദേശിയിൽ സ്ഥിരീകരിച്ചു
സംസ്ഥാനത്ത് വീണ്ടും കൊറോണ വൈറസ് സ്ഥിരീകരിച്ചു. കാസർഗോഡ് സ്വദേശിയ്ക്കാണ് ഇത്തവണ വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തിൽ വൈറസ് ബാധയേറ്റവരുടെ എണ്ണം മൂന്നായി. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലാണ് കൊറോണ വൈറസ് ബാധയേറ്റ വ്യക്തിയെ അഡ്മിറ്റ് ചെയ്തിരിക്കുന്നത്. വുഹാനിൽ നിന്നെത്തിയ വിദ്യാർത്ഥിക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്. എന്നാൽ വിദ്യാർത്ഥിയുടെ നില തൃപ്തികരമാണെന്നാണ് അധികൃതർ അറിയിക്കുന്നത്.
കേരളത്തിൽ ആദ്യം തൃശൂർ ജില്ലയിലും പിന്നീട് ആലപ്പുഴ ജില്ലയിലുമാണ് കൊറോണ വൈറസ് കണ്ടെത്തിയത്. അതേസമയം ആശങ്കയല്ല ജാഗ്രതയാണ് വൈറസ് ബാധയ്ക്കെതിരെ വേണ്ടതെന്ന് അധികൃതർ അറിയിച്ചു. വൈറസ് ബാധയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 1999 പേര് നിരീക്ഷണത്തിലുണ്ട്. ഇതില്‍ 75 പേര് ആശുപത്രികളിലും 1924 പേര് വീടുകളിലുമാണ്.
ചൈനയ്ക്ക് പുറമെ 23 രാജ്യങ്ങളില്‍ക്കൂടി കൊറോണ വൈറസിന്റെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഓസ്ട്രേലിയ, ബ്രിട്ടന്, ഫ്രാന്‍സ്, ജര്‍മനി, ഹോങ്കോങ്, റഷ്യ, സ്പെയിന്, തായ്ലന്ഡ്, യു എസ്, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലും വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ലോകം കനത്ത ജാഗ്രതയിലാണ്.
വൈറസ് ബാധ മൂലം ചൈനയില്‍ മരിച്ചവരുടെ എണ്ണം 361 ആയി. കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണവും വര്‍ധിച്ചുവരികയാണ്. ചൈനയില്‍ ഇന്നലെ മാത്രം 2829 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ചൈനയില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 17,205 ആയി.