‘നടൻ മാധവന്റെ ഭാര്യയാണ് ഞാനെന്ന് കരുതി ആളുകൾ എന്നെ കാണാൻ വന്നു’- ജയസൂര്യ ഒപ്പിച്ച കുസൃതിയെക്കുറിച്ച് കാവ്യ മാധവൻ
മലയാളികളുടെ പ്രിയ നായികയാണ് കാവ്യ മാധവൻ. വിവാഹ ശേഷം സിനിമയിൽ നിന്നും അകന്നു നിൽക്കുന്ന കാവ്യ മകൾ മഹാലക്ഷ്മിയുടെ ജനനത്തോടെ കൂടുതൽ തിരക്കിലാണ്. സമൂഹ മാധ്യമങ്ങളിൽ സജീവമല്ലാത്ത കാവ്യ മാധവൻ ചില വിവാഹ വിരുന്നുകളിലും ക്ഷേത്ര ദർശനത്തിലുമൊക്കെ ദിലീപിനൊപ്പം എത്താറുണ്ട്.
ഇപ്പോൾ വർഷങ്ങൾക്ക് മുൻപ് സൈമ അവാർഡ് വേദിയിൽ കാവ്യ നടത്തിയ പ്രസംഗത്തിന്റെ ഭാഗം സമൂഹ മാധ്യമങ്ങളിൽ തരംഗമാകുകയാണ്. അന്നത്തെ കാവ്യയുടെ പ്രസംഗം ഇപ്പോഴാണ് സൈമ പുറത്ത് വിടുന്നത്.
സ്പെഷ്യൽ അപ്പ്രീസിയേഷൻ അവാർഡ് കരസ്ഥമാക്കി വേദിയിൽ നിൽക്കുമ്പോളാണ് കാവ്യയുടെ രസകരമായ പ്രസംഗം. തമിഴ് നടൻ മാധവൻ ആണ് കാവ്യക്ക് അവാർഡ് നൽകിയത്. മാധവനുമായി ബന്ധപ്പെട്ട രസകരമായ കഥയാണ് കാവ്യ പങ്കുവെച്ചത്.
ഞാൻ മലയാളത്തിൽ പറയാം, ആരെങ്കിലും പുള്ളിക്ക് മനസിലാകുന്ന ഭാഷയിൽ പറഞ്ഞുകൊടുക്കു എന്ന് പറഞ്ഞാണ് കാവ്യ സംസാരിക്കുന്നത്. ‘ഊമപ്പെണ്ണിന് ഉരിയാടാ പയ്യൻ’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനു തമിഴ് നാട്ടിൽ എത്തിയപ്പോൾ കാവ്യയെ കാണാൻ തമിഴ് ആരാധകരുടെ ബഹളമായിരുന്നു.
എന്താണിത്ര തിരക്ക് എന്ന് മനസിലാകാത്ത കാവ്യ, ഒടുവിൽ കാര്യം തിരക്കിയപ്പോളാണ് അറിയുന്നത്, മാധവന്റെ ഭാര്യയാണ് കാവ്യ എന്ന് കരുതിയാണ് ആളുകൾ തിരക്ക് കൂട്ടുന്നത് എന്ന്. ഇത് പറഞ്ഞുണ്ടാക്കിയതാകട്ടെ ചിത്രത്തിലെ നായകനായ ജയസൂര്യയും. വളരെ രസകരമായാണ് കാവ്യ മാധവൻ കഥ പറയുന്നത്. 2013 ലെ വീഡിയോ ആണിത്.