അഗ്നിപര്‍വ്വതം പോലെ തിളച്ചുമറിഞ്ഞ് മഞ്ഞുപര്‍വ്വതങ്ങള്‍; ലാവ പോലെ പുറത്തേക്ക് അതിശക്തമായി പതിക്കുന്നത് മഞ്ഞ്: വീഡിയോ
മനുഷ്യന്റെ ചിന്തകള്‍ക്കും വിവരണങ്ങള്‍ക്കും അതീതമാണ് പ്രകൃതി. അപൂര്‍വ്വമായ പലതരം പ്രതിഭാസങ്ങളും പ്രകൃതിയില്‍ സംഭവിച്ചുകൊണ്ടേയിരിക്കുന്നു. മനുഷ്യരില്‍ കൗതുകം നിറയ്ക്കുന്നതാണ് പ്രകൃതി ഒരുക്കുന്ന പല ദൃശ്യവിസ്മയങ്ങളും. ചുട്ടുപൊള്ളുന്ന അഗ്നിപര്‍വ്വതം പോലെയുള്ള ഒരു മഞ്ഞ് പര്‍വ്വതവും പ്രകൃതിയിലെ ഒരു അപൂര്‍വ്വ കാഴ്ചയാണ്.
യുഎസിലെ മിഷിഗന്‍ തടാകത്തിലാണ് അപൂര്‍വ്വമായൊരു പ്രതിഭാസം കണ്ടെത്തിയത്. അഗ്നിപര്‍വ്വതം പോലെ പൊട്ടിത്തെറിക്കുന്ന മഞ്ഞ് പര്‍വ്വതമാണ് ഇത്. അഗ്നിപര്‍വ്വത സ്ഫോടനത്തില്‍ പുറത്തേക്ക് ലാവ ചീറ്റുന്നതുപോലെ പൊട്ടിത്തെറിക്കുന്ന മഞ്ഞു വോള്ക്കാനോകളുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഈ തടാകത്തിലെ കാഴ്ചകള്‍.
മിഷിഗന്‍ തടാകം വടക്കേ അമേരിക്കയിലെ ഗ്രേറ്റ് ലേക്ക്സ് എന്നറിയപ്പെടുന്ന അഞ്ച് തടാകങ്ങളില്‍ ഒന്നാണ്. അഗ്നി പര്‍വ്വതങ്ങള്‍ക്ക് സമാനമായ ഈ മഞ്ഞ് പര്‍വ്വതങ്ങള്‍ക്ക് കാരണം ഐസ് ‘വോള്‍ക്കാനോ’ എന്ന പ്രതിഭാസമാണ്. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമെന്നാണ് ഇത്തരം പ്രതിഭാസത്തെ ശാസ്ത്രലോകം പോലും വിശേഷിപ്പിക്കുന്നത്.
Read more: വഴിയരികിലെ കൊച്ചു ‘സുന്ദരി’ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പ്രിയപ്പെട്ടവളായപ്പോള്…
തണുപ്പ് അതികഠിനമാകുന്ന സമയത്താണ് ‘ഐസ് വോള്ക്കനോസ്’ രൂപം കൊള്ളുന്നത്. മിഷിഗന്‍ തടാകത്തിന്റെ മുകളില്‍ നിറയെ മഞ്ഞുപാളികളാണ്. എന്നാല്‍ ഈ മഞ്ഞുപാളികള്‍ക്ക് താഴെയാകട്ടെ ചിലസമയങ്ങളില്‍ അതിശക്തമായി തിരയടിക്കും. ഈ തിരമാലകള്‍ മഞ്ഞുപാളികളില്‍ വന്നിടിക്കുമ്പോള്‍ വലിയതോതിലുള്ള മര്‍ദ്ദം രൂപപ്പെടുന്നു.
ഈ മര്‍ദ്ദം പലപ്പോഴും തടാകത്തിന്റെ മുകള്‍ത്തട്ടിലുള്ള മഞ്ഞുപാളികള്‍ക്ക് താങ്ങാന്‍ സാധിക്കില്ല. തന്മൂലം മഞ്ഞുപാളികളില്‍ വിള്ളല്‍ രൂപപ്പെടുകയും ഈ വിടവിലൂടെ വെള്ളവും മഞ്ഞുമെല്ലാം അതിശക്തമായി പുറത്തേക്കു പതിക്കുകയും ചെയ്യുന്നു. ഇതിനെയാണ് ഐസ് വോള്‍ക്കാനോസ് എന്ന് വിശേഷിപ്പിക്കുന്നത്.