സുരാജിന്റെ നായികയായി മഞ്ജു വാര്യര്‍; വാർത്ത തെറ്റെന്ന് സംവിധായകൻ
മലയാളത്തിന്റെ ഇഷ്ടതാരങ്ങൾ മഞ്ജു വാര്യരും സൂരജ് വെഞ്ഞാറന്മൂടും ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’ എന്ന ചിത്രത്തിലൂടെ ഒന്നിക്കുന്നുവെന്ന തരത്തിലുള്ള വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. എന്നാൽ ഈ വാർത്ത തെറ്റാണെന്ന് പറഞ്ഞിരിക്കുകയാണ് സംവിധായകൻ ഹരിഹരന്. ചിത്രത്തിന്റെ കാസ്റ്റിംഗ് പൂർത്തിയായിട്ടില്ല, ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി സുരാജ് എത്തും. എന്നാൽ നായിക ആരെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. മഞ്ജുവിനൊപ്പം പാർവതിയും സിനിമയിലുണ്ടാവുമെന്ന് ചില റിപ്പോർട്ടുകൾ ഉയർന്നിരുന്നു. ഇതിനെയും ഹരികുമാർ തള്ളി.
എം മുകുന്ദന് രചിച്ച ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’ എന്ന പ്രശസ്തമായ ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’ എന്ന ചെറുകഥയില്‍ സജീവന് എന്ന ഓട്ടോറിക്ഷ തൊഴിലാളിയാണ് നായകന്. പണിയെടുക്കാന്‍ മടിച്ച് കടം വാങ്ങി ജീവിക്കുന്ന സജീവന്റെ ജീവിതത്തിലേക്ക് രാധിക ഭാര്യയായി എത്തുന്നതോടെ സംഭവിക്കുന്ന മാറ്റങ്ങളാണ് ചെറുകഥയുടെ ഇതിവൃത്തം. എന്നാല്‍ ചെറുകഥയില്‍ നിന്നും മാറ്റങ്ങള്‍ വരുത്തിയിട്ടായിരിക്കും സിനിമ ഒരുക്കുക.