കാത്തിരിപ്പ് വിഫലം, ദേവനന്ദ ഇനി മടങ്ങിവരില്ല; കൊല്ലത്ത് കാണാതായ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി
ദേവനന്ദയ്ക്കായുള്ള കേരളത്തിന്റെ പ്രാര്‍ത്ഥനകളും കാത്തിരിപ്പും വിഫലം. വീടിന്റെ മുന്പില് കളിച്ചുകൊണ്ടിരിക്കെ കാണാതായ ദേവനന്ദ എന്ന ആറ് വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി. കൊല്ലം ജില്ലയിലെ പള്ളിമണ്‍ ഇളവൂര്‍ സ്വദേശിനിയാണ് ദേവനന്ദ. വീടിന് സമീപത്തോടെ ഒഴുകുന്ന ഇത്തിക്കരയാറ്റില്‍ നിന്നുമാണ് ഇന്ന് രാവിലെ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.
പള്ളിമണ്‍ പുലിയില ഇളവൂര്‍ സ്വദേശികളായ പ്രദീപ്- ധന്യ ദമ്പതികളുടെ മകളാണ് ദേവനന്ദ. മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ഇന്നലെ രാവിലെ 10.30-നാണ് കാണാതാവുന്നത്. കുട്ടിയുടെ അമ്മ തുണി അലക്കിക്കൊണ്ടിരിക്കുകയായിരുന്നു.
കുട്ടിയെ കാണാതായ വിവരം അറിഞ്ഞതു മുതല്‍ കേരളത്തിന്റെ പലഭാഗങ്ങളില്‍ നിന്നുള്ളവര്‍ സ്ഥലത്തെത്തി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. പൊലീസും ഫയര്‍ഫോഴ്സും ഇന്നലെ മുതല്‍ക്കെ ശക്തമായ തിരച്ചില്‍ നടത്തിയിരുന്നു. ഇന്ന് അതിരാവിലെ തിരച്ചിലിന് ഇറങ്ങിയ കോസ്റ്റല്‍ പൊലീസിലെ മുങ്ങല്‍ വിദഗ്ധരാണ് മൃതദേഹം കണ്ടെത്തിയത്.