ചരിത്രംകുറിച്ച് ബഹിരാകാശത്തു നിന്നും മടങ്ങിയെത്തിയ ക്രിസ്റ്റീനയെ സ്നേഹത്തോടെ വരവേല്‍ക്കുന്ന വളര്‍ത്തുനായ: വീഡിയോ
വളര്‍ത്തുനായകള്‍ക്ക് തങ്ങളുടെ ഉടമയോടുള്ള സ്നേഹവും കരുതലുമൊക്കെ വളരെ വലുതാണ്. ഇത്തരത്തിലുള്ള സ്നേഹ നിമിഷങ്ങള്‍ പലപ്പോഴും സമൂഹമാധ്യമങ്ങളിലും ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ ബഹിരാകാശത്തു നിന്നും ചരിത്രംകുറിച്ച് മടങ്ങിയെത്തിയ ക്രിസ്റ്റീനയെ സ്നേഹത്തോടെ വരവേല്‍ക്കുന്ന വളര്‍ത്തുനായയാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്.
കാഴ്ചക്കാരുടെ മനസ്സ് നിറയ്ക്കുന്ന ഒരു കൂടിച്ചേരല്‍ വീഡിയോ ആണിത്. 328 ദിവസം ബഹിരാകാശത്ത് ക്രിസ്റ്റീന ചെലവഴിച്ചത്. മടങ്ങിയെത്തി ക്രിസ്റ്റീനയെ കണ്ടതും വളര്‍ത്തുനായ സന്തോഷിക്കുന്നതും വീഡിയോയില്‍ കാണാം. ക്രിസ്റ്റീനയും സന്തോഷം പങ്കുവയ്ക്കുന്നു. ‘ആരാണ് കൂടുതല്‍ സന്തോഷിക്കുന്നതെന്ന് അറിയില്ല. ഒരു വര്‍ഷത്തിനു ശേഷവും അവള് എന്നെ ഓര്‍മ്മിക്കുന്നതില്‍ സന്തോഷം’ എന്നാണ് സന്തോഷ വീഡിയോ പങ്കുവെച്ചുകൊണ്ട് ക്രിസ്റ്റീന കുറിച്ചത്.
തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ ദിവസം ബഹിരാകാശത്ത് ചെലവഴിച്ച വനിത എന്ന റെക്കോര്‍ഡും ക്രിസ്റ്റീന കോച്ചിന്റെ പേരില്‍ കുറിക്കപ്പെട്ടിട്ടുണ്ട്. 2016-17ല്‍ നാസയുടെ മുന്‍ ബഹിരാകാശയാത്രിക പെഗ്ഗി വിറ്റ്സണ്‍ സ്ഥാപിച്ച 288 ദിവസത്തെ റെക്കോര്‍ഡാണ് ക്രിസ്റ്റീന മറികടന്നത്.
2019 മാര്‍ച്ച് 14നാണ് ക്രിസ്റ്റീന കോച്ച് ബഹിരാകാശത്ത് എത്തിയത്. ആറ് മാസത്തെ ദൗത്യത്തിനായാണ് പുറപ്പെട്ടതെങ്കിലും ദീര്‍ഘകാല ബഹിരാകാശ യാത്രയുടെ ഫലങ്ങളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി നാസ ക്രിസ്റ്റീനയുടെ താമസം നീട്ടുകയായിരുന്നു. ബഹിരാകശ യാത്രയ്ക്കിടെ ഭൂമിയ്ക്കു ചുറ്റം 5,248 തവണ ക്രിസ്റ്റീന കോച്ച് സഞ്ചരിച്ചു. 13.9 കോടി മൈല്‍ യാത്ര ചെയ്തു. ഇത് ഭൂമിയില്‍ നിന്നും ചന്ദ്രനിലേക്കുള്ള 291 തവണത്തെ യാത്രയ്ക്ക് തുല്യമാണ്.