രണ്ടാം ഏകദിനം: ഇന്ത്യയുടെ വിജയലക്ഷ്യം 274 റണ്‍സ്

February 8, 2020

ഇന്ത്യ- ന്യൂസിലന്‍ഡ് ഏകദിന പരമ്പരയിലെ രണ്ടാം അങ്കത്തില്‍ ഇന്ത്യയുടെ വിജയലക്ഷ്യം 274 റണ്‍സ്. ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ ന്യൂസിലന്‍ഡ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 273 റണ്‍സാണ് അടിച്ചെടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ മികച്ച ഫോമിലാണ്. പൃഥ്വി ഷായും മായങ്ക് അഗര്‍വാളുമാണ് ഇന്ത്യയുടെ ഓപ്പണര്‍മാര്‍.

ആദ്യ ഏകദിനത്തില്‍ ന്യൂസിലന്‍ഡിനോട് പരാജയപ്പെട്ട ഇന്ത്യ ഇന്ന് വിജയപ്രതീക്ഷയോടെയാണ് കളത്തില്‍ ഇറങ്ങിയിരിക്കുന്നത്. ബൗളിങ്ങില്‍ മികവ് പുലര്‍ത്തിയതുകൊണ്ടുതന്നെ ന്യൂസിലന്‍ഡിന്റെ റണ്ണൊഴുക്കിന് ഒരു പരിധി വരെ തടയിടാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് സാധിച്ചു.

79 റണ്‍സ് നേടിയ മാര്‍ട്ടിന്‍ ഗപ്റ്റില്‍ ആണ് ന്യൂസിലന്‍ഡിന്റെ ടോപ് സ്‌കോറര്‍. 74 പന്തുകളില്‍ നിന്നുമായി 73 റണ്‍സ് നേടിയ റോസ് ടെയ്‌ലറും ന്യൂസിലന്‍ഡിന് കരുത്തായി.

യുസ്വേന്ദ്ര ചാഹല്‍ ഇന്ത്യയ്ക്കായി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ശാര്‍ദ്ദൂല്‍ ഠാക്കൂര്‍ രണ്ട് വിക്കറ്റുകള്‍ നേടി. ഒരു വിക്കറ്റ് രവീന്ദ്ര ജഡേജയും ഇന്ത്യയ്ക്കായി നേടി.