ട്രംപിന്റെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കൈയിലെ ‘ആ ന്യൂക്ലിയര്‍ ഫുട്ബോള്‍’…!
ആദ്യമായി ഇന്ത്യ സന്ദര്‍ശിക്കാനെത്തിയ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ആണ് വാര്‍ത്തകളിലെ താരം. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ ട്രംപിനൊപ്പംതന്നെ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന മറ്റൊന്നാണ് ‘ന്യൂക്ലിയര്‍ ഫുട്‌ബോള്‍’ എന്നത്. ശരിക്കും എന്താണ് ഈ ‘ന്യൂക്ലിയര്‍ ഫുട്‌ബോള്‍’… അപരിചിതമായ ഈ വാക്കിന്റെ അര്‍ത്ഥം തിരയുന്നവരും നിരവധിയാണ്.
ട്രംപ് മാത്രമല്ല, എല്ലാ അമേരിക്കന്‍ പ്രസിഡന്റുമാരും എപ്പോഴും തങ്ങള്‍ക്കൊപ്പം കൊണ്ടുനടക്കുന്ന ഒന്നാണ് ‘ന്യൂക്ലിയര്‍ ഫുട്‌ബോള്‍’. ഒരു ബ്രീഫ്‌കെയ്‌സിനെയാണ് ‘ന്യൂക്ലിയര്‍ ഫുട്‌ബോള്‍’ എന്നു വിശേഷിപ്പിക്കുന്നത്. അമേരിക്കന്‍ പ്രതിരോധ സംവിധാനത്തിന്റെ തന്ത്രപ്രധാനമായ ഒരു ‘മൊബൈല്‍ ഹബ്ബ്’ എന്നു വേണമെങ്കിലും ന്യൂക്ലിയര്‍ ഫുട്‌ബോളിനെ വിശേഷിപ്പിക്കാം. സാധാരണ അമേരിക്കന്‍ പ്രസിഡന്റിന്റെ അംഗരക്ഷകനോ അല്ലെങ്കില്‍ എഡിസിയോ ആയിരിക്കും ‘ന്യൂക്ലിയര്‍ ഫുട്‌ബോള്‍’ കൈയില്‍ വയ്ക്കുക. പ്രസിഡന്റിന്റെ പാര്‍ശ്വഭാഗത്ത് നടക്കുകയും ന്യൂക്ലിയര്‍ ഫുട്‌ബോള്‍ കൈയില്‍വയ്ക്കുകയും ചെയ്യുന്ന ആളാണ് എഡിസി. അമേരിക്കന്‍ പ്രസിഡന്റിന്റെ പേഴ്സണല്‍ അസിസ്റ്റന്റ് എന്ന വിശേഷണവും എഡിസിക്ക് ഉണ്ട്.
‘ന്യൂക്ലിയര്‍ ഫുട്‌ബോള്‍’ എന്നറിയപ്പെടുന്ന ബ്രീഫ്‌കെയ്‌സില്‍ പ്രധാനമായും നാല് ഭാഗങ്ങളാണ് ഉള്ളത്.
1-ഒരു ബ്ലാക് ബുക്ക്- ഏതെങ്കിലും രാജ്യം അക്രമിച്ചാല്‍ തിരിച്ചടിക്കാനുള്ള സാധ്യതകള്‍ എന്തെല്ലാമാണെന്നാണ് ഇതിലുള്ളത്.
2- ക്ലാസിഫൈഡ് സൈറ്റുകളുടെ ലിസ്റ്റ് അടങ്ങുന്ന ബുക്ക്.
3- എട്ട് മുതല്‍ പത്ത് കടലാസുകള്‍ വരെ അടങ്ങിയിരിക്കുന്ന ചണക്കടലാസ് ഫോള്‍ഡര്‍. അടിയന്തര മുന്നറിയിപ്പുകള്‍ നല്‍കുന്നതിനു വേണ്ടിയുള്ള നടപടിക്രമങ്ങളാണ് ഇതില്‍.
4-ഒതന്റിക്കേഷന്‍ കോഡുകള്‍ അടങ്ങിയിട്ടുള്ള കാര്‍ഡ്.