പ്ലാസ്റ്റിക് നിരോധനം: ഇനി തുണി, പേപ്പര്‍ ബാഗുകള്‍ മാത്രം-വ്യക്തത വരുത്തി കേരള സര്‍ക്കാര്‍
പ്ലാസ്റ്റിക് നിരോധനവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ വ്യക്തത വരുത്തി. ഇതുപ്രകാരം പുതിയ ഉത്തരവും സര്‍ക്കാര്‍ പുറത്തിറക്കി. പ്ലാസ്റ്റിക്കിന് പകരം തുണി, കടലാസ് ബാഗുകള്‍ മാത്രം ഉപയോഗിച്ചാല്‍ മതിയെന്നാണ് പുതിയ ഉത്തരവില്‍ പറയുന്നത്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് അംഗീകരിച്ച മണ്ണിലലിയുന്ന ബാഗുകളും ( കോംപോസിറ്റബിള്‍ ബാഗുകള്‍) ഇനി മുതല്‍ നിരോധിച്ചവയുടെ പട്ടികയിലായിരിക്കും ഉള്‍പ്പെടുക.
മണ്ണില്‍ അലിയുന്ന ബാഗുകള്‍ എന്ന തരത്തില്‍ വ്യാപകമായി വ്യാജവസ്തുക്കള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇത്തരം ബാഗുകളെയും നിരോധന പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജൈവ ബാഗ് എന്ന പേരില്‍ പ്രചരിക്കുന്ന ഇത്തരം ബാഗുകള്‍ മണ്ണില്‍ അലിഞ്ഞുചേരുന്ന വസ്തുവാണോ എന്നുറപ്പിക്കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിനെയാണ് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ എല്ലാ ബാഗുകളും ഇത്തരത്തില്‍ പരിശോധിക്കുക പ്രാവര്‍ത്തികമല്ല.
Read more: യന്ത്രച്ചിറകില്‍ ഉയരെ പറന്നു, ചരിത്രംകുറിച്ച് ജെറ്റ്മാന്‍
വ്യാപകമായി പ്രചരിക്കുന്ന വ്യാജ ജൈവ ബാഗുകള്‍ക്ക് തടയിടാനാണ് പ്ലാസ്റ്റിക്കിനു പകരം തുണി അല്ലെങ്കില്‍, പേപ്പര്‍ ബാഗുകള്‍ ഇപയോഗിച്ചാല്‍ മതിയെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്. എന്നാല്‍ ഗ്രോ ബാഗുകള്‍ക്കായും ചവറുകള്‍ സൂക്ഷിക്കുന്നതിനും കോംപോസിറ്റബിള്‍ ബാഗുകള്‍ ഉപയോഗിക്കുന്നതില്‍ തടസ്സമില്ല.
ഇത്തരം ആവശ്യങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കുന്ന കോംപോസിറ്റബിള്‍ ബാഗുകളില്‍ നിര്‍മാതാവിന്റെ പേര്, നിര്‍മാണ തീയതി, ലൈസന്‍സ് നമ്പര്‍, ലൈസന്‍സ് കാലാവധി, കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിന്നും കിട്ടിയ അംഗീകാരം എന്നിവ നിര്‍ബന്ധമാണ്. ഇതിനു പുറമെ, മലയാളത്തിലും ഇംഗ്ലീഷിലും മണ്ണിലലിഞ്ഞ് ചേരുന്ന വസ്തുവാണെന്ന് എഴുതണമെന്നും സര്‍ക്കാരിന്റെ ഉത്തരവില്‍ പറയുന്നു.