‘ആര് പറഞ്ഞു എന്നെ ഇപ്പോൾ പുറത്തെടുക്കാൻ?’- അതിരൂക്ഷ ഭാവത്തോടെ കരയാൻ പോലും കൂട്ടാക്കാതെ ഒരു കുഞ്ഞ്!

February 26, 2020

ഭൂമിയിലെ ഏറ്റവും മനോഹരമായ നിമിഷം ഒരു കുഞ്ഞിന്റെ ജനനം ആണെന്ന് കേട്ടിട്ടില്ലെ? പുതിയൊരു ജീവൻ ഭൂമിയിലേക്ക് കൗതുകത്തോടെ പിറന്നു വീഴുകയാണ്. ജനിച്ചു വീഴുന്ന കുഞ്ഞുങ്ങൾ ഭൂരിഭാഗവും കണ്ണുകൾ അടച്ചോ കൗതുകത്തോടെയോ അമ്പരന്നു നോക്കിയോ ഒക്കെയാണ് കാണാറുള്ളത്. മാത്രമല്ല കരയുകയും ചെയ്യും. തനിയെ കരഞ്ഞില്ലെങ്കിൽ ഡോക്ടർമാരുടെ സഹായത്തോടെ കരയുന്നതാണ് പതിവ്.

എന്നാൽ ഫെബ്രുവരി പതിമൂന്നിന് ബ്രസീലിലെ റിയോ ഡി ജനീറോയിലെ ആശുപത്രിയിൽ പിറന്ന ഒരു കുഞ്ഞ് തികച്ചും വ്യത്യസ്തമായ ഭാവങ്ങളുമായാണ് എത്തിയത്. ഡയാന ഡി ജീസസ് ബാർബോസ എന്ന സ്ത്രീയാണ് കുഞ്ഞിനെ പ്രസവിച്ചത്. കുഞ്ഞിന്റെ ജനനമെന്ന മനോഹര നിമിഷം പകർത്താൻ ഒരു ഫോട്ടോഗ്രാഫറെയും ഡയാന ഒപ്പം കൂട്ടിയിരുന്നു.

കൗതുകം നിറഞ്ഞ മുഖം പ്രതീക്ഷിച്ച എല്ലാവരെയും അമ്പരപ്പിച്ച് അതിരൂക്ഷ ഭാവവുമായാണ് ആ കുഞ്ഞ് പക്ഷെ ജനിച്ച് വീണത്. ഗൗരവമെന്നാൽ അതീവ ഗൗരവം. എല്ലാവരെയും അത്രയും ഗൗരവത്തോടെയാണ് കുഞ്ഞ് ഉറ്റുനോക്കിയത്.

Read More:‘ഇവനെക്കൊണ്ട്‌ തോറ്റു’; മരക്കൊമ്പിൽ കുടുങ്ങിയ പൂച്ചക്കുഞ്ഞിനെ രക്ഷപ്പെടുത്തുന്ന അമ്മ പൂച്ച- ഹൃദയം തൊടുന്ന വീഡിയോ

ഇസബെല്ല എന്നാണ് കുഞ്ഞിന് പേര് നൽകിയത്. ചിത്രം പകർത്തുന്ന സമയത്ത് മുഖ ഭാവം ശ്രദ്ധിച്ചില്ലെന്നു ഫോട്ടോഗ്രാഫർ പറയുന്നു. എന്തായാലും സമൂഹ മാധ്യമങ്ങളിൽ ഈ ദേഷ്യക്കാരിയാണ് താരം. മുഖത്തെ ഗൗരവം മാത്രമല്ല ശ്രദ്ധേയം . എത്ര ശ്രമിച്ചിട്ടും കക്ഷി ഒന്ന് കരയാൻ പോലും കൂട്ടാക്കിയില്ല എന്നതാണ്.