ഒരു രാജ്യത്തിന്റെ തോളിലേറി ‘ലോറസ്’ സച്ചിന്‍; ‘കായിക ഓസ്‌കര്‍’ നേടി ക്രിക്കറ്റ് ഇതിഹാസം
കായിക ഓസ്‌കര്‍ എന്നറിയപ്പെടുന്ന ലോറസ് പുരസ്‌കാരം ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറിന്. കഴിഞ്ഞ 20 വര്‍ഷത്തെ ഏറ്റവും മികച്ച കായിക നിമിഷത്തിനുള്ള പുരസ്‌കാരമാണ് താരത്തെതേടിയെത്തിയിരിക്കുന്നത്. ലോറസ് പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് സച്ചിന്‍. ലയണല്‍ മെസ്സിക്കും ലൂയിസ് ഹാമില്‍ട്ടനുമാണ് മികച്ച പുരുഷ കായികതാരത്തിനുള്ള ലോറസ് പുരസ്‌കാരം നേടിയത്. യുഎസ് ജിംനാസ്റ്റ് സിമോണ്‍ ബൈല്‍സ് വനിതാ വിഭാഗത്തില്‍ മികച്ച കായികതാരത്തിനുള്ള പുരസ്‌കാരവും നേടി.
2011-ല്‍ ഇന്ത്യയില്‍ വെച്ചുനടന്ന ഐസിസി ക്രിക്കറ്റ് ലോകകപ്പില്‍ വിജയകിരീടം ചൂടിയപ്പോള്‍ സഹതാരങ്ങള്‍ സച്ചിനെ തോളിലേറ്റി മൈതാനം വലംവെച്ച നിമിഷമാണ് രണ്ടു പതിറ്റാണ്ടിലെ ഏറ്റവും മികച്ച കായികനിമിഷം. ‘ഒരു രാജ്യത്തിന്റെ തോളിലേറി….’ എന്ന കുറിപ്പോടെയാണ് ഈ ചിത്രം ലോറസ് സ്‌പോര്‍ട്‌സ് അക്കാദമി അന്തിമ പട്ടികയില്‍ വോട്ടിങ്ങിനായി ഉള്‍പ്പെടുത്തിയത്.
ക്രിക്കറ്റ് ലോകത്തെ ഇതിഹാസതാരമാണ് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. ബാറ്റിങില്‍ താരം വിസ്മയം തീര്‍ക്കുമ്പോള്‍ ഗാലറികള്‍ എക്കാലത്തും ആര്‍പ്പുവിളികള്‍ക്കൊണ്ട് നിറഞ്ഞിരുന്നു. ലോകംകണ്ട മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളാണ് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. 2011-ല്‍ ഇന്ത്യ ലോകകപ്പ് കിരീടം ചൂടിയപ്പോള്‍ രാജ്യം മുഴുവന്‍ ആര്‍പ്പുവിളിച്ചു. ഇന്ത്യയ്ക്ക് വേണ്ടി ആ ലോകകപ്പില്‍ 482 റണ്‍സാണ് സച്ചിന്‍ നേടിയത്.
Read more: കാറ്റില്‍ ആടിയുലഞ്ഞു, പിന്നെ സേഫ് ലാന്‍ഡിങ്; പൈലറ്റിന്റെ അതിസാഹസികതയ്ക്ക് കൈയടി: വീഡിയോ
പതിനഞ്ച് വയസ് മാത്രം പ്രായമുള്ളപ്പോഴായിരുന്നു ആഭ്യന്തര ക്രിക്കറ്റിലേക്കുള്ള സച്ചിന്റെ അരങ്ങേറ്റം. തന്റെ ആദ്യ ആഭ്യന്തര മത്സരത്തില്‍ തന്നെ 100 റണ്‍സെടുത്ത് സച്ചിന്‍ പുറത്താകാതെ നിന്നതും കൗതുകകരമാണ്. 1994-ല്‍ ന്യൂസ്ലന്‍ഡിനെതിരെ നടന്ന ഏകദിന മത്സരത്തില്‍ സച്ചിന് ഓപ്പണിങ് ബാറ്റ്‌സ്മാനായി. രണ്ട് തവണ ഇതിഹാസ താരം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനത്തെത്തിയിട്ടുണ്ട്. 2012 ഡിസംബര്‍ 23 ന് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിച്ചതായി പ്രഖ്യാപിച്ചു. 2013 ല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും താരം വിടവാങ്ങി.