കേരളത്തിൽ രണ്ടാമത്തെ കൊറോണ ബാധ ആലപ്പുഴയിൽ സ്ഥിരീകരിച്ചു; നിർദേശങ്ങളുമായി ആരോഗ്യമന്ത്രി
തൃശൂരിന് പിന്നാലെ രണ്ടാമത്തെ കൊറോണ ബാധ ആലപ്പുഴ ജില്ലയിൽ. വുഹാനിൽ നിന്നെത്തിയ വിദ്യാർത്ഥിക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്. രോഗി ആലപ്പുഴ മെഡിക്കൽ കോളജിൽ ഐസലേഷനിലാണ്. ചൈനയിൽ നിന്നു തിരിച്ചെത്തിയ ആളാണ് രോഗി. വുഹാൻ സർവകലാശാലയിലെ വിദ്യാർഥിയാണ്. കൃത്യമായ പരിശോധനയും നിരീക്ഷണവും നടത്തുന്നുണ്ടെന്നും സ്ഥിതി തൃപ്തികരമാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
ജാഗ്രതയാണ് വൈറസ് ബാധയ്ക്കെതിരെ വേണ്ടത്. വ്യാപിച്ചാൽ തടയാൻ ബുദ്ധിമുട്ടാണ്. നിപ്പയ്ക്കെതിരെ സ്വീകരിച്ചതുപോലുള്ള മുൻകരുതലുകൾ ആവശ്യമാണ്. ആരോഗ്യവകുപ്പ് നൽകുന്ന മുന്നറിയിപ്പുകൾ പൂർണമായി പാലിക്കണമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.
കൊറോണ ബാധ കേരളത്തിൽ സ്ഥിരീകരിച്ച നിലയിൽ മറ്റു രാജ്യങ്ങളിൽ നിന്നെത്തുന്നവർ കർശനമായി പാലിക്കേണ്ട ചില നിർദേശങ്ങളുണ്ട്.
ഈ സാഹചര്യത്തിൽ ചൈനയിൽ നിന്നും മറ്റു രാജ്യങ്ങളിൽ നിന്നും കേരളത്തില്‍ എത്തിയവര്‍ നിര്‍ബന്ധമായും എടുക്കേണ്ട നിർദ്ദേശങ്ങളെക്കുറിച്ച് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മറ്റ് രാജ്യങ്ങളിൽ നിന്നും എത്തിയവർ ആദ്യ 28 ദിവസം പൊതുസമൂഹവുമായി ഇടപഴകുന്നത് പൂർണമായും ഒഴിവാക്കണം. വീട്ടിൽ ഉള്ളവരുമായും പരമാവധി സമ്പർക്കം ഒഴിവാക്കുക. അറ്റാച്ചഡ് ബാത്റൂം ഉള്ളതും വായു സഞ്ചാരമുള്ളതുമായ മുറിയിൽ കഴിയുക. സ്വന്തമായി തോർത്ത്, വസ്ത്രം, ബഡ്ഷീറ്റ്, പാത്രങ്ങൾ എന്നിവ ഉപയോഗിക്കുക. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായ തൂവാല ഉപയോഗിച്ച് മറച്ചുപിടിക്കുക. പൊതുസ്ഥലങ്ങളിൽ തുപ്പരുത്. വീടുകളിൽ സന്ദർശകരെ അനുവദിക്കാതിരിക്കുക.