ശ്രീദേവി ഓർമ്മയായിട്ട് രണ്ടു വർഷം; മരണം ബാക്കിയാക്കിയ രണ്ട് സ്വപ്നങ്ങൾ
ഇന്ത്യൻ സിനിമയിൽ ഒരു ഇതിഹാസം തന്നെയായിരുന്നു ശ്രീദേവി കപൂർ. കാരണം തെന്നിന്ത്യയിൽ നിന്നും ബോളിവുഡിൽ എത്തി ലേഡി സൂപ്പർസ്റ്റാർ പദവി സ്വന്തമാക്കിയ ഏക നടിയാണ് ശ്രീദേവി. വിവാദങ്ങൾ നിറഞ്ഞ ജീവിതവും അഭ്യൂഹങ്ങൾ നിറഞ്ഞ മരണവും വാർത്തകളിൽ ഇടം നേടിയിട്ട് രണ്ടുവർഷം പൂർത്തിയായിരിക്കുകയാണ്. ദുബായിൽ ബാത്ത്ടബ്ബിൽ വീണു ശ്രീദേവി മരിച്ചിട്ട് രണ്ടു വർഷമായി. അമ്മയുടെ ഓർമ്മകൾ പങ്കുവെച്ച് മകൾ ജാൻവി കപൂർ രംഗത്തെത്തി.
‘എന്നും അമ്മയെ മിസ് ചെയ്യുന്നു’ എന്നാണ് ജാൻവി കപൂർ പങ്കുവെച്ചിരിക്കുന്നത്. അമ്മയ്ക്ക് ഒപ്പമുള്ള ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമാണ് ജാൻവി പങ്കുവെച്ചത്. സിനിമ രംഗത്ത് നിന്നും ഒട്ടേറെ ആളുകൾ ശ്രീദേവിയുടെ ഓർമ്മകൾ പങ്കുവയ്ക്കുന്നുണ്ട്. മരണത്തിന്റെ രണ്ടാം വാർഷികത്തിലും ശ്രീദേവി ബാക്കിയാക്കിയ രണ്ടു സ്വപ്നങ്ങളാണ് ചർച്ചയാകുന്നത്.
ബോളിവുഡിലെ താരറാണിയായിരുന്നിട്ടും മകൾ ജാൻവി സിനിമയിലേക്ക് എത്തുന്നത് ശ്രീദേവിക്ക് തുടക്കത്തിൽ അംഗീകരിക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ ജാൻവിയുടെ സ്വപ്നമാകട്ടെ, സിനിമയും. ഒടുവിൽ പതിനെട്ട് വയസായ ശേഷം സിനിമയിൽ അഭിനയിക്കാൻ അനുമതി നൽകിയ ശ്രീദേവി, ജാൻവിയുടെ ആദ്യ ചിത്രത്തിന്റെ റിലീസിന് മുൻപ് തന്നെ യാത്രയായി. ഷൂട്ടിങ്ങിൽ ജാൻവിക്ക് ഒപ്പം നിന്നിരുന്ന ശ്രീദേവി, മകളെ സ്‌ക്രീനിൽ കാണാതെയാണ് മരിക്കുന്നത്.
മറ്റൊന്ന് നടൻ അജിത് ശ്രീദേവിക്ക് നൽകിയ വാക്കാണ്. നിർമാതാവായ ഭർത്താവ് ബോണി കപൂറിന്റെ സിനിമയിൽ തമിഴ് നടൻ അജിത് നായകനാകണമെന്നത് ശ്രീദേവിയുടെ ആഗ്രഹമായിരുന്നു. ‘ഇംഗ്ലീഷ് വിംഗ്ലീഷ്’ എന്ന ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തിയപ്പോൾ അജിത്തിനോട് തന്റെ ആഗ്രഹം ശ്രീദേവി അറിയിക്കുകയും അഭിനയിക്കാൻ സമ്മതമാണെന്ന് അജിത് പറയുകയും ചെയ്തിരുന്നു. എന്നാൽ ആ ചിത്രത്തിന് മുൻപ് തന്നെ ശ്രീദേവിയുടെ മരണം സംഭവിച്ചിരുന്നു. എന്നാൽ ഭാര്യയുടെ സ്വപ്നം ബോണി കപൂർ സഫലമാക്കാൻ തയ്യാറായി. അജിത് നായകനാകുന്ന പുതിയ ചിത്രം ബോണി കപൂർ ആണ് നിർമിക്കുന്നത്. ജാൻവി കപൂറിന്റെ തമിഴ് അരങ്ങേറ്റവും ഈ ചിത്രത്തിലൂടെയാണ്. പ്രശസ്ത ട്രേഡ് അനലിസ്റ്റ് രമേഷ് ബാല ആണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.
1963 ആഗസ്റ്റ് 13 ന് തമിഴ്‌നാട്ടിലെ ശിവകാശിയിലാണ് ശ്രീദേവി ജനിച്ചത്. 1969ല്‍ ‘തുണൈവന്‍’ എന്ന ചിത്രത്തിലൂടെ സിനിമയില്‍ ബാലതാരമായെത്തി. ഹിന്ദി, ഉര്‍ദു, തമിഴ്, തെലുങ്ക്, കന്നട, മലയാളം എന്നീ ഭാഷകളിലായി മുന്നൂറിലധികം ചിത്രങ്ങളിലാണ് ശ്രീദേവി അഭിനയിച്ചിരിക്കുന്നത്.